കോഴിക്കോട്: കൊയിലാണ്ടിയില്‍ ട്രെയിന്‍ ട്രാക്ക് മാറിയോടി വിദ്യാര്‍ത്ഥി മരിച്ചു.. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാഹുല്‍ (25)ആണ് മരിച്ചത്. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാവിലെ 7.15 ഓടെയാണ് അപകടം നടന്നത്. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്‌സ്പ്രസാണ് അപകടമുണ്ടാക്കിയത്.

പതിവായി രണ്ടാംനമ്പര്‍ പ്ലാറ്റ്‌ഫോമിലെത്താറുള്ള ട്രെയിന്‍ അപ്രതീക്ഷിതമായി മൂന്നാംനമ്പര്‍ പ്ലാറ്റ്‌ഫോമിലെത്തിയതാണ് അപകടത്തിന് കാരണമായത്. ട്രാക്ക് മാറുന്ന വിവരം തീവണ്ടിയെത്തുന്നതിന് തൊട്ടുമുമ്പ് അനൗണ്‍സ് ചെയ്തിരുന്നില്ലെന്നും 20 മിനിറ്റ് മുമ്പാണ് അവസാനമായി ഈ വിവരം അറിയിപ്പായ് നല്‍കിയതെന്നും യാത്രക്കാര്‍ കുറ്റപ്പെടുത്തി. അതിന് ശേഷമെത്തിയ യാത്രക്കാരാണ് അപകടത്തില്‍പെട്ടത്.

ട്രാക്ക് മാറിയെത്തിയിട്ടും ഡ്രൈവര്‍ ഹോണ്‍ മുഴക്കിയിരുന്നില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രകോപിതരായ നാട്ടുകാര്‍ ട്രെയിന്‍ തടഞ്ഞു. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു