ബെയ്ജിങ്: ചൈനയില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 35 പേര്‍ മരിച്ചു. 191 പേര്‍ക്ക് പരിക്കേറ്റു.

അതിവേഗ ബുള്ളറ്റ് ട്രെയിന്‍ മറ്റൊരു അതിവേഗ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. പാളം തെറ്റിയതാണ് നിയന്ത്രണം വിട്ട് കൂട്ടിയിടിക്കാന്‍ കാരണം. ചൈനയിലെ തെക്കുഭാഗത്തുള്ള ഷെജിയാങ് പ്രവിശ്യയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ വൈന്‍ഷൗ സിറ്റിയില്‍വച്ച് രണ്ടാമത്തെ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ബെയ്ജിങ്ങില്‍ നിന്ന് പുറപ്പെട്ട് ഫ്യുജിയന്‍ പ്രവിശ്യയിലെ ഫുഷൈവിലേക്ക് പോകുകയായിരുന്നു രണ്ടാമത്തെ ട്രെയിന്‍.

ഒരു ട്രെയിനിന്റെ നാല് ബോഗികളും, രണ്ടാമത്തെ ട്രെയിനിന്റെ രണ്ടുബോഗികളും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ഒരു വിദേശ വനിതയുള്‍പ്പെടെ 35പേര്‍ മരിച്ചതായി ഷെജിയാങ് പ്രവിശ്യയിലെ എമര്‍ജന്‍സി ഓഫീസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പാളം തെറ്റി വേര്‍പ്പെട്ടുപോയ നാല് കോച്ചുകള്‍ മാത്രമാണ് ട്രെയിനുമായി കൂട്ടിയിടിച്ചത് എന്നത് വന്‍ ദുരന്തം ഒഴിവാക്കി.