ന്യൂദല്‍ഹി: മൊബൈല്‍ ഫോണുകളിലേക്ക് വരുന്ന ‘കിളിമൊഴി’കള്‍ക്കും മറ്റ് സേവനപരസ്യങ്ങള്‍ക്കും ഇനിമുതല്‍ കര്‍ശന നിയന്ത്രണംവരുന്നു. ഇത്തരം വ്യാജകോളുകള്‍ തടയാനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) യെ ചുമതലപ്പെടുത്തി.

വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്വകാര്യമൊബൈല്‍ കമ്പനികള്‍ക്ക് കനത്ത പിഴയായിരിക്കും ചുമത്തുക. എല്ലാ ടെലിമാര്‍ക്കറ്റിംഗ് സ്ഥാപനങ്ങള്‍ക്കും 700 സീരിസിലുള്ള നമ്പറുകളായിരിക്കും ഉണ്ടാവുക. ഇതിനാല്‍ ഉപയോക്താക്കള്‍ക്ക് ഇത്തരം മെസ്സേജുകളോ കോളുകളോ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും.

ആദ്യതവണ വ്യവസ്ഥകള്‍ ലംഘിക്കുന്ന കമ്പനിക്ക് 25,000 രൂപയും വീണ്ടും വ്യവസ്ഥലംഘിച്ചാല്‍ 75,000 രൂപ പിഴയും ചുമത്തും. ആറുതവണയില്‍ കൂടുതല്‍ വ്യവസ്ഥ ലംഘിക്കുകയാണെങ്കില്‍ രണ്ടുലക്ഷം രൂപയും ഈടാക്കും. വ്യാജകോളുകളേയും മെസ്സേജുകളേയും നിയന്ത്രിക്കാന്‍ നിയമസംവിധാനം കൊണ്ടുവരണമെന്ന് നേരത്തേ ആവശ്യമുയര്‍ന്നിരുന്നു.