Categories

ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ ജോലിയില്‍ തിരിച്ചെടുക്കാന്‍ തീരുമാനം

padmini-2

കൊച്ചി: ഡ്യൂട്ടിക്കിടെ അപമാനിക്കപ്പെട്ട വനിതാ ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ ജോലിയില്‍ തിരിച്ചെടുക്കാന്‍ തീരുമാനമായി.

ഇതുസംബന്ധിച്ച് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് തീരുമാനം കമ്മീഷണറെ അറിയിച്ചു.

അനധികൃതമായ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ഇന്നുമുതല്‍ വാര്‍ഡന്‍ പത്മിനിഇടപ്പള്ളി പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചിരുന്നു.

തന്റെ കേസ് പോലീസ് അട്ടിമറിച്ചുവെന്ന് കാണിച്ച് പോലീസിനെതിരെ പരാതി നല്‍കിയതിനാലാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് സമരമെന്നും പത്മിനി പറഞ്ഞിരുന്നു.

ഇന്നലെ രാവിലെ ഡ്യൂട്ടിക്കെത്തിയപ്പോഴാണ് തന്നെ പിരിച്ചുവിട്ട കാര്യം പത്മിനി അറിയുന്നത്. ഡ്യൂട്ടിക്ക് കയറേണ്ടെന്ന് സി.ഐ നിര്‍ദ്ദേശിക്കുകയായിരുന്നു.

വാര്‍ഡന്മാരെ നിയമിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള സ്വകാര്യ ഏജന്‍സിയുടെ പട്ടികയില്‍ പത്മിനിയുടെ പേരില്ലെന്നും കൂടുതല്‍ വിശദാംശങ്ങള്‍ അവരോട് ചോദിക്കണമെന്നുമായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം.

കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് കലൂര്‍ കതൃക്കടവില്‍ ഡ്യൂട്ടിയിലായിരുന്ന പത്മിനിയെ വിനോഷ് വര്‍ഗീസ് എന്ന യുവാവ് കയ്യേറ്റം ചെയ്തത്.

സംഭവത്തില്‍ വിനോഷ് വര്‍ഗീസിന് പോലീസ് വഴിവിട്ട സഹായം നല്‍കുന്നുവെന്നും ആരോപണമുണ്ടായിരുന്നു. സംഭവത്തില്‍ എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.

Tagged with: