എഡിറ്റര്‍
എഡിറ്റര്‍
ജോലിയില്‍ നിന്ന പിരിച്ചുവിട്ടു: ട്രാഫിക് വാര്‍ഡന്‍ പത്മിനി കുത്തിയിരിപ്പു സമരത്തില്‍
എഡിറ്റര്‍
Thursday 13th March 2014 6:23am

padmini-2

കൊച്ചി: അനധികൃതമായി ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിനെ തുടര്‍ന്ന് ഡ്യൂട്ടിക്കിടെ അപമാനിക്കപ്പെട്ട വനിതാ ട്രാഫിക് വാര്‍ഡന്‍ പത്മിനി കുത്തിയിരിപ്പ് സമരം ആരംഭിച്ചു.

ഇടപ്പള്ളി പോലീസ് സ്‌റ്റേഷന്റെ മുന്നിലാണ് പത്മിനി കുത്തിയിരിപ്പ് സമരം ആരംഭിച്ചിരിക്കുന്നത്. തന്റെ കേസ് പോലീസ് അട്ടിമറിച്ചുവെന്ന് കാണിച്ച് പോലീസിനെതിരെ പരാതി നല്‍കിയതിനാലാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് സമരമെന്നും പത്മിനി പറഞ്ഞു.

ഇന്നലെ രാവിലെ ഡ്യൂട്ടിക്കെത്തിയപ്പോഴാണ് തന്നെ പിരിച്ചുവിട്ട കാര്യം പത്മിനി അറിയുന്നത്. ഡ്യൂട്ടിക്ക് കയറേണ്ടെന്ന് സി.ഐ നിര്‍ദദേശിക്കുകയായിരുന്നു.

വാര്‍ഡന്മാരെ നിയമിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള സ്വകാര്യ ഏജന്‍സിയുടെ പട്ടികയില്‍ പത്മിനിയുടെ പേരില്ലെന്നും കൂടുതല്‍ വിശദാംശങ്ങള്‍ അവരോട് ചോദിക്കണമെന്നുമായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം.

പത്താം ക്ലാസ് പാസായവരെ മാത്രമെ വാര്‍ഡന്‍ ജോലിക്ക് നിയോഗിക്കാവു എന്ന് ഉപാധിയുണ്ടെങ്കിലും ആറാം ക്ലാസ് വരെ പഠിച്ചവരെ പോലും ജോലിയില്‍ കയറ്റിയിട്ടുണ്ടെന്നും തന്നെ മാത്രമെ ഒഴിവാക്കിയിട്ടുള്ളൂവെന്നും പത്മിനി പറഞ്ഞു.

അതേസമയം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡാണ് വാര്‍ഡന്മാരെ നിയോഗിച്ചിട്ടുള്ളതെന്നും അവര്‍ക്ക് വേതനം നല്‍കുന്നതും അവരെ ഡ്യൂട്ടിക്കിടുന്നതും മെട്രോ അധികൃതരാണ്, അക്കാര്യങ്ങളിലൊന്നും ഇടപെടാറില്ലെന്നും സിറ്റി പോലീസ് കമ്മീഷ്ണര്‍ അറിയിച്ചു.

കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് കലൂര്‍ കതൃക്കടവില്‍ ഡ്യൂട്ടിയിലായിരുന്ന പത്മിനിയെ വിനോഷ് വര്‍ഗീസ് എന്ന യുവാവ് കയ്യേറ്റം ചെയ്തത്.

സംഭവത്തില്‍ വിനോഷ് വര്‍ഗീസിന് പോലീസ് വഴിവിട്ട സഹായം നല്‍കുന്നുവെന്നും ആരോപണമുണ്ടായിരുന്നു. സംഭവത്തില്‍ എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് പത്മിനിയെ പിരിച്ച് വിട്ട നടപടിയെടുത്തിരിക്കുന്നത്.

Advertisement