കല്‍ക്കത്ത: തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് തയാറാകാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി ഫെബ്രുവരി 28ന് അഖിലേന്ത്യാ പണിമുടക്കു നടത്തും. ബി.എം.എസ്, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.ടി.യു എന്നിവ ഉള്‍പ്പെടെ 12 യൂണിയനുകള്‍ 24 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കും.

കേന്ദ്ര ബജറ്റ് അവതരണത്തിന്റെ തലേന്നാണു പണിമുടക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു രണ്ടു വര്‍ഷമായി സമരം നടത്തിയിട്ടും ചര്‍ച്ചയ്ക്കു പ്രധാനമന്ത്രി തയാറായിട്ടില്ലെന്ന് എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ്ഗുപ്ത പറഞ്ഞു.  ആ ദിവസത്തെ ബോര്‍ഡ് എക്‌സാമിനേഷന്‍ മാറ്റിവെച്ചില്ലെങ്കില്‍ പശ്ചിമബാംഗാള്‍ യൂണിറ്റില്‍ സമരം നീട്ടിവെക്കും. 28ന് നടക്കേണ്ട പത്താംക്ലാസിലേക്കുള്ള ചരിത്ര പരീക്ഷ മാറ്റിവെക്കണമെന്ന് ട്രേഡ് യൂണിയര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഈ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ ബംഗാള്‍ യൂണിറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ഉചിതമായ തീരുമാനം സ്വീകരിക്കുകയും ചെയ്യുമെന്ന് ഗുരുദാസ് ദാസ്ഗുപ്ത വ്യക്തമാക്കി.

‘തൊഴിലാളി സംഘടനകള്‍ മനുഷ്യത്വപരമായ സമീപനമാണ് സ്വീകരിക്കുന്നത്. വിവിധ യൂണിവേഴ്‌സിറ്റികളുടേയും ബോര്‍ഡുകളുടേയും നിരവധി പരീക്ഷകളാണ് ദിവസവും നടക്കുന്നത്. പണിമുടക്കിന്റെ തീയ്യതി നിശ്ചയിക്കുന്ന സമയത്ത് പരീക്ഷകളെക്കുറിച്ച് ആലോചിച്ചിരുന്നില്ല. ആ ദിവസം ചരിത്ര പരീക്ഷയുണ്ടെന്നത് പിന്നീടാണ് മനസിലായത്. അതുകൊണ്ടുതന്നെ ട്രേഡ് യൂണിയനുകള്‍ക്ക് വേണ്ടി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് പരീക്ഷ മാറ്റിവെക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു’ ഗുരുദാസ് ദാസ്ഗുപ്ത അറിയിച്ചു.

Malayalam news

Kerala news in English