എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം കോഴിക്കോട് ജില്ലാസെക്രട്ടറി അവധിയില്‍; ചൈനയിലേക്ക് പോകാനെന്ന് പാര്‍ട്ടി
എഡിറ്റര്‍
Monday 14th May 2012 11:56am

കോഴിക്കോട്: സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചു. ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ട്ടി വന്‍പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി അവധിയില്‍ പ്രവേശിക്കുന്നത്.

ചൈനയില്‍ പോകാനാണ് രാമകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. മെയ് 12ാം തിയ്യതി മുതലാണ് രാമകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചത്.

അതിനിടെ രാമകൃഷ്ണന്‍ ചൈനയിലേക്ക് പോയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എം. ഭാസ്‌കരനാണ് ജില്ലാസെക്രട്ടറിയുടെ താല്‍ക്കാലി ചുമതല

മെയ് 4ന് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിയുടെ ആദ്യ പ്രതികരണം നടത്തിയത് ടി. പി രാമകൃഷ്ണനായിരുന്നു. ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.ഐ.എമ്മിന് യാതൊരു പങ്കുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ടി.പി വധത്തില്‍ പ്രതിഷേധിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കൂട്ടായ്മ സംഘടിപ്പിക്കാന്‍ പോകുന്നതിനിടയിലാണ് ജില്ലാസെക്രട്ടറി അവധിയില്‍ പ്രവേശിച്ചത്. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലും രാമകൃഷ്ണന്‍ പങ്കെടുത്തിരുന്നില്ല. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനൊപ്പം സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.വി ദക്ഷിണാമൂര്‍ത്തിയായിരുന്നു വിശദീകരണ യോഗത്തില്‍ പങ്കെടുത്തത്.

Advertisement