എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എം.പി കോണ്‍ഗ്രസിന്റെ വാല്‍; വി.എസ് അച്യുതാനന്ദന്‍ ഏഷ്യാനെറ്റിന് അനുവദിച്ച അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍
എഡിറ്റര്‍
Thursday 20th March 2014 6:23pm

v.s

തിരുവനന്തപുരം: ആര്‍.എം.പി കോണ്‍ഗ്രസിന്റെ വാലെന്ന് വി.എസ് അച്യുതാനന്ദന്‍. തിരുവഞ്ചൂര്‍ പറയുന്നതാണ് ആര്‍.എം.പിയും കെ.കെ രമയും ചെയ്യുന്നതെന്നും വി.എസ് അഭിപ്രായപ്പെട്ടു. കെ.കെ രമയുടെ കേരള യാത്ര ഉപേക്ഷിച്ചത് തിരുവഞ്ചൂര്‍ പറഞ്ഞിട്ടാണെന്നും വി.എസ് അഭിമുഖത്തില്‍ ആരോപണമുന്നയിച്ചു.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിയെടുത്ത നടപടിയില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും വി.എസ് പറഞ്ഞു. പാര്‍ട്ടി നടപടി ആര്‍എംപിയും രമയും അംഗീകരിക്കണം. അതേസമയം ഗൗരിയമ്മയെ പുറത്താക്കിയ നടപടി തെറ്റായിപ്പോയെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വി.എസിന്റെ ഈ തുറന്ന് പറച്ചില്‍. ആര്‍.എസ്.പിയുടെ മുന്നണിമാറ്റത്തെയും വിഎസ് ശക്തമായി വിമര്‍ശിക്കുന്നു.

അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍

‘ദേശീയതലത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ കോണ്‍ഗ്രസിന്റെ ഭരണത്തില്‍ രാജ്യത്തെ കര്‍ഷകര്‍ ദരിദ്രനാരായണമന്മാരായി. മന്‍മോഹന്‍സിങിന്റെ നേതൃത്വത്തിലുള്ള യുപി.എ സര്‍ക്കാറിന്റെ വലതുപക്ഷ നയങ്ങളെയും നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള വര്‍ഗ്ഗീയഫാസിസത്തിനെതിരായും നിലപാടെടുത്ത്  ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ സൈ്വരജീവിതം ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഇടതുപക്ഷജനാധിപത്യമുന്നണിയും സി.പി.ഐ.എമ്മും. ഈ ചരിത്രഘട്ടത്തില്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ താനും പങ്ക് ചേരുകയാണ്.

സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തതിന് തന്റെ കയ്യില്‍ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് തന്നെ വിളിച്ച് പറഞ്ഞിട്ടും ഉമ്മന്‍ ചാണ്ടി ഇതുവരെ ഒന്നും ചെയ്തിട്ടില്ല. കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന് സര്‍ക്കാറിന്റെ ഭാഗമായുള്ളവര്‍ തന്നെ പറഞ്ഞിട്ടും സോളാര്‍ അഴിമതി മറച്ചുവെക്കാനാണ് മിസ്റ്റര്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നത്.

ലാല്‍ ബഹദൂര്‍ ശാസ്ത്രി റയില്‍വെ മന്ത്രിയായിരിക്കുന്ന സമയത്ത് നടന്ന ട്രെയിന്‍ അപകടത്തിന്റെ ഉത്തരവാദിത്തം മന്ത്രിയെന്ന നിലയില്‍ ഏറ്റെടുത്ത് രാജിവെച്ചിരുന്നു. അങ്ങനെയുള്ള പാരമ്പര്യമുള്ളവരും കോണ്‍ഗ്രസിലുണ്ടായിരുന്നു. ഇവിടെ ഉമ്മന്‍ ചാണ്ടി രാജിവെക്കുന്നില്ല എന്നു മാത്രമല്ല സലീം രാജിനെ പ്പോലെയുള്ളവരെ സംരക്ഷിക്കുന്ന നിപാടാണ് സ്വീകരിച്ചു വരുന്നത്. ഇതിനെതിരെ ഹൈക്കോടതി ബെഞ്ചിന്റെ നിരീക്ഷണത്തിന് ഉമ്മന്‍ ചാണ്ടി ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായി വന്നിരിക്കുന്നത് നല്ലകാര്യമാണ്. പക്ഷേ, കോണ്‍ഗ്രസിന്റെ ഗ്രൂപ്പിസവും മറ്റും താരതമ്യേന കുറഞ്ഞ ആളാണ് സുധീരന്‍.  എങ്കിലും അദ്ദേഹത്തിനെ കോണ്‍ഗ്രസിന്റെ ഭാഗമായിട്ടേ കാണാനാവുകയുള്ളൂ.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നു. റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ടുന്ന പ്രദേശത്തേയും പഞ്ചായത്തിലേയും ജനങ്ങളുമായി കൂടിയാലോചിച്ച് മാത്രമേ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുകയുള്ളൂ. എന്നാല്‍ ഇതിനെ അട്ടിമറിക്കുന്ന രീതിയിലുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ജനവിരുദ്ധമാണ്. ഇതിനെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഇതേ നിലപാട് തന്നെയാണ് പാര്‍ട്ടിക്കും.

പാര്‍ട്ടി തീരുമാനമനുസരിച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ തൃശ്ശൂര്‍ വരെയുള്ള മണ്ഡലങ്ങളിലും കൂടാതെ ഇടുക്കിയിലും മുന്‍ തീരുമാനമനുസരിച്ച് ഞാനും ബാക്കിയുള്ള സ്ഥലങ്ങളില്‍ മറ്റുള്ളവരും പ്രചരണത്തിനിറങ്ങും. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പെയ്ഡ് സീറ്റ് എന്ന ആരോപണം കഥയില്ലായ്മകൊണ്ടാണ് ഉന്നയിക്കുന്നത്. മുമ്പ് വി.ആര്‍ കൃഷ്ണയ്യര്‍, ജോസഫ് മുണ്ടശ്ശേരി മോസ്റ്റര്‍ തുടങ്ങി പല പ്രമുഖരെയും പാര്‍ട്ടി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ട്.

അല്‍ഫോണ്‍സ് കണ്ണന്താനത്തേയും മനോജ് തുടങ്ങിയവരെയും മുമ്പ് സ്വതന്ത്രസ്ഥാനാര്‍ത്ഥികളായി മത്സരിപ്പിച്ചിട്ടുണ്ട്. അത് അതാത് മണ്ഡലങ്ങളിലെ ജനങ്ങളുടെ താത്പര്യാര്‍ത്ഥമായിരുന്നു.

മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പാര്‍ട്ടി സീറ്റ് നല്‍കിയിട്ടുണ്ട്. മലപ്പുറം, പൊന്നാനി, വടകര തുടങ്ങിയ മണ്ഡലങ്ങളില്‍ അതിന്റെ ഭാഗമായാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്.

ടി.പി ചന്ദ്രശേഖരന്‍ കൊല ചെയ്യപ്പെട്ടത് സി.പി.ഐ,എം പ്രവര്‍ത്തകരാലാണെന്ന് അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കതളും പാര്‍ട്ടിയും വിശ്വസിച്ചുപോന്നു. ഞാനും ആ ഒരു വിശ്വാസത്തലായിരുന്നു. ഇന്ന് പാര്‍ട്ടി പ്രവര്‍ത്തകരെയടക്കം കൊലക്കുറ്റം ചുമത്തി ബൂര്‍ഷ്വാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നു. അതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവരെ പുറത്താക്കണമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശിനോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കാന്‍ സംസ്ഥാന സെക്രട്ടറി വിജയനെ വിളിച്ച് സംസാരിക്കുകയും നടപടിയെടുക്കുകയും ചെയ്തു. ഇത് ഇന്ത്യയിലെ ഒരു പാര്‍ട്ടിക്കും ചെയ്യാന്‍ കഴിയാത്തതാണ്. എന്റെ പാര്‍ട്ടിക്ക് മാത്രമേ ഇത്തരമൊരു നിലപാടെടുക്കാന്‍ സാധിക്കുകയുള്ളു. ഇതില്‍ ഞാന്‍ പൂര്‍ണതൃപ്തനാണ്. ഇക്കാര്യം മറ്റുള്ളവര്‍ക്കും ബോധ്യപ്പെടേണ്ടതാണ്.

ആര്‍.എം.പി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആര്‍.എം.പി യുടെ നേതൃത്വത്തില്‍ ഇടതുപക്ഷ ഐക്യ മുന്നണി രൂപീകരിക്കുകയും കാസര്‍ഗോഡു നിന്ന് തിരുവനന്തപുരത്തേക്ക് രാഷ്ട്രീയപ്രചരണ ജാഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിങ്ങളുടെ ആവശ്യമെല്ലാം അംഗീകരിച്ചല്ലോ ഇനിയെന്തിനാണ് ജാഥയെന്ന ചോദ്യത്തിന് മുന്നില്‍ യാത്ര ഒഴിവാക്കുകയായിരുന്നു. ഇങ്ങനെ ആര്‍.എം.പി നിലപാടെടുക്കാനാവാതെയും നയം രൂപീകരിക്കാനാവാതെയും കോണ്‍ഗ്രസിന്റെ വാല്‍ ആയിരിക്കുകയാണ്.

ഗൗരിയമ്മയെ പുറത്താക്കിയ നടപടി ശരിയായില്ല. ഗൗരിയമ്മയെപ്പോലുള്ളവര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചു വരേണ്ടതാണ്.

ആര്‍.എസ്.പി നേരത്തെയുള്ള ധാരണ പ്രകാരം തന്നെയാണ് മുന്നണി മാറി യു.ഡി.എഫിന്റെ ഭാഗമായത്. ഇതില്‍ വിയോജിപ്പുള്ള ബാബുദിവാകരനെപ്പോലുള്ളവര്‍ ചെറു ഗ്രൂപ്പുകളായി ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമാകുന്നുണ്ട് ‘.

 

Advertisement