എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: ശിക്ഷാവിധിയില്‍ ഇന്ന് വാദം തുടങ്ങും
എഡിറ്റര്‍
Thursday 23rd January 2014 7:10am

tp-chandras

കോഴിക്കോട്: കേരളം ഏറെ ചര്‍ച്ച ചെയ്ത ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ  കുറ്റക്കാര്‍ക്കെതിരെയുള്ള ശിക്ഷ സംബന്ധിച്ച് ഇന്ന് വാദം തുടങ്ങും.

ഉച്ചയോടെ വാദം പൂര്‍ത്തിയായല്‍ ഇന്ന് ശിക്ഷാ വിധി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വധശിക്ഷ നല്‍കണമെന്ന് പോസിക്യൂഷന്‍ ആവശ്യപ്പെടും.

സി.പി.ഐ.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്ദന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കുന്നുമ്മക്കര ജയസുര വീട്ടില്‍ കെ.സി.രാമചന്ദ്രന്‍, (ഗൂഢാലോചന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്) കടുങ്ങോന്‍പോയില്‍ ബ്രാഞ്ച് സെക്രട്ടറി  ട്രൗസര്‍ മനോജ് എന്നിവര്‍ ഉള്‍പ്പെടെ 12 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

ഇവരെ കൂടാതെ കൊലയാളി സംഘത്തിലുണ്ടായിരുന്ന എം.സി. അനൂപ്, കിര്‍മ്മാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ.ഷിനോജ്, മാഹി പള്ളൂര്‍ വലിയപുത്തലത്ത് വീട്ടില്‍ പി.വി. റഫീഖ് എന്ന വാഴപ്പടച്ചി റഫീഖ്, കണ്ണൂര്‍ ചൊകല്‍ മാരാംകുന്നുമ്മല്‍ വീട്ടില്‍ എം.കെ.പ്രദീപന്‍ എന്ന ലംബു പ്രദീപന്‍ എന്നിവരെയും കോടതി കുറ്റക്കാരായി കണ്ടെത്തി.

സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മോഹനനെ വെറുതെ വിട്ടു. കേസിലെ പതിനാലാം പ്രതിയാണ് പി. മോഹനന്‍. പി. മോഹനന്‍ മാസ്റ്റര്‍ക്കെതിരെ ഗൂഢാലോചന കുറ്റമായിരുന്നു ആരോപിച്ചിരുന്നത്. ഇത് നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തിയാണ് കോടതി മോഹനനെ വെറുതെ വിട്ടത്.

മതിയായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി  സി.പി.ഐ.എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം കുന്നുമ്മക്കര കടത്തലക്കണ്ടി വീട്ടില്‍ കെ.കെ.കൃഷ്ണന്‍, സി.പി.ഐ.എം കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റി അംഗം കണ്ണൂര്‍ കുന്നോത്തുപറമ്പ് ചെറുപറമ്പ് കൃഷ്ണനിവാസില്‍ ജ്യോതി ബാബു എന്നിവരുള്‍പ്പടെ 24 പേരെയാണ് കോടതി വെറുതെ വിട്ടത്.

ജഡ്ജി ആര്‍. നാരായണപിഷാരടിയാണ് വിധി പ്രസ്താവിച്ചത്.

Advertisement