എഡിറ്റര്‍
എഡിറ്റര്‍
വി.എസിന്റെ പ്രസ്താവന ടി.പി ചന്ദ്രശേഖരനേറ്റ അമ്പത്തിരണ്ടാമത്തെ വെട്ട്: കെ.കെ രമ
എഡിറ്റര്‍
Thursday 20th March 2014 6:20pm

k.k-rama-22

വടകര: ടി.പി വധത്തില്‍ സി.പി.ഐ.എമ്മിന്റെ നിലപാട് അംഗീകരിച്ച വി.എസിന്റെ പ്രസ്താവന ടി.പി ചന്ദ്രശേഖരനേറ്റ അമ്പത്തിരണ്ടാമത്തെ വെട്ടാണെന്ന് കെ.കെ രമ.

വി.എസിന്റെ നിലപാടുകളെ മാത്രമാണ് ആര്‍.എം.പി പിന്തുണച്ചത്. അല്ലാതെ വി.എസിനെ കണ്ടല്ല തങ്ങള്‍ പാര്‍ട്ടി രൂപീകരിച്ചതെന്നും രമ പ്രതികരിച്ചു.

പിണറായി വിജയനും കാരാട്ടിനും വേണ്ടിയാണ് വി.എസ് സംസാരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിനെ രക്ഷിക്കാനാണ് സ്വന്തം മനഃസാക്ഷിയെ വഞ്ചിച്ച് വി.എസ് ഇത്തരത്തില്‍ നിലപാടെടുത്തിരിക്കുന്നതെന്നും രമ കുറ്റപ്പെടുത്തി. ഇതിലൂടെ വി.എസ് ഒറ്റപ്പെടുമെന്നും രമ ഓര്‍മിപ്പിച്ചു.

തിരഞ്ഞെടുപ്പ് തിയ്യതി ഉടന്‍ പ്രഖ്യാപിച്ചതിനാലാണ് കേരളയാത്ര മാറ്റിവെച്ചത്. ചെറിയ പാര്‍ട്ടിയാണ് തങ്ങളുടെതെന്നും അതിനാല്‍ തിരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കാനാണ് യാത്ര തത്കാലം വേണ്ടന്ന് വെച്ചതെന്നും കെ.കെ രമ വ്യക്തമാക്കി.

ഞങ്ങള്‍ അന്നും ഇന്നും വി.എസിനെ നല്ല കമ്യൂണിസ്റ്റുകാരനായാണ് കണ്ടിട്ടുള്ളത് എന്നാല്‍ ഈ നിലപാടുമായി മുന്നോട്ട് പോവുകയാണെങ്കില്‍ വി.എസിനെ ജനം പുച്ഛിച്ചു തള്ളുമെന്നും രമ കൂട്ടിച്ചേര്‍ത്തു.

നേരത്തെ കെ.കെ രമ കേരള യാത്ര ഉപേക്ഷിച്ചത് തിരുവഞ്ചൂര്‍ പറഞ്ഞിട്ടാണെന്നും ആര്‍.എം.പിയും രമയും കോണ്‍ഗ്രസിന്റെ വാലാണെന്നും വി.എസ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Advertisement