എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധക്കേസിലെ ‘സത്യാന്വേഷണ രേഖകള്‍’ : തിരുവഞ്ചൂരിന്റെ പുസ്തകം വിപണിയില്‍
എഡിറ്റര്‍
Tuesday 11th March 2014 10:08am

tp-murder-book

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ‘സത്യാന്വേഷണ രേഖകളു’മായി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

ടി.പി വധക്കേസ് അന്വേഷവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളടങ്ങിയ തിരുവഞ്ചൂരിന്റെ പുസ്തകം ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്.

ടി.പി വധക്കേസില്‍ സി.പി.ഐ.എം കോഴിക്കോട് ജില്ലാസെക്രട്ടേറിയറ്റ് അംഗം പി. മോഹനന് മുകളിലേക്കുള്ള ഗൂഢലോചനയുടെ കണ്ണികളെ കണ്ടെത്താന്‍ കഴിയാതിരുന്നത് സംശയങ്ങള്‍ക്ക് വഴിവെച്ചുവെന്നത് ശരിയാണെന്ന് തിരുവഞ്ചൂര്‍ പുസ്തകത്തില്‍ പറയുന്നുണ്ട്.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാ രീതികളെക്കുറിച്ച് അറിയുന്നവര്‍ പറയുന്നത് രണ്ടു ജില്ലകളിലെ ഘടകങ്ങളില്‍പ്പെട്ടവര്‍ ആലോചിച്ച് നടപടിയെടുക്കണമെങ്കില്‍ മേല്‍ ഘടകത്തിന്റെ അനുമതി വേണമെന്നാണ്. കോഴിക്കോട് ജില്ലാസെക്രട്ടേറിയറ്റ് അംഗവും കണ്ണൂര്‍ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവും കേസില്‍ ഗൂഢാലോചനക്കുറ്റത്തില്‍ പങ്കാളികളായി.

അതിനാലാണ് മുകളില്‍ നിന്നുള്ളവരുടെ അറിവോടെയല്ലാതെ കൊല നടക്കില്ലെന്ന് സി.പി.ഐ.എമ്മില്‍ നിന്ന് പുറത്ത് വന്നവര്‍ പറയുന്നതെന്നും തിരുവഞ്ചൂര്‍ തന്റെ പുസ്തകത്തില്‍ വ്യക്തമാക്കുന്നു.

നിയമപരമായി നിലനില്‍ക്കുന്ന തെളിവുകള്‍ ഇല്ലാതെ ആരെയെങ്കിലും പ്രതിചേര്‍ക്കുകയാണെങ്കില്‍ അത് കേസിനെ ദുര്‍ബലപ്പെടുത്തും. ആക്ഷേപം ഉന്നയിച്ചവര്‍ക്ക് തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതിനാലാണ് ശക്തമായ തെളിവുള്ളവരെ മാത്രം പ്രതിചേര്‍ക്കുകയെന്ന തീരുമാനത്തില്‍ അന്വേഷണ സംഘം എത്തിച്ചേര്‍ന്നതെന്നാണ് താന്‍ കരുതുന്നതെന്നും തിരുവഞ്ചൂര്‍ പറയുന്നു.

പ്രതികളെ രക്ഷപ്പെടുത്താനും സംരക്ഷിക്കാനും ശക്തരായൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ സമാന്തര സര്‍ക്കാറിനെപ്പോലെ പ്രവര്‍ത്തിക്കുന്ന സംവിധാനമാകെ പ്രതികള്‍ക്ക് വേണ്ടി എല്ലാ കഴിവുകളും വിനിയോഗിച്ചു. ഈ രാവണന്‍ കോട്ട ഭേദിച്ചു വേണമായിരുന്നു പ്രതികളിലേക്കെത്താന്‍ തിരുവഞ്ചൂര്‍ തുടരുന്നു.

അമ്പതു വര്‍ഷം പിന്നിട്ട തന്റെ പൊതുജീവിതത്തില്‍ ഏറ്റവും നിര്‍ണായകമായ ഘട്ടമായിരുന്നു ടി.പി കേസ് എന്ന് തിരുവഞ്ചൂര്‍ പറയുന്നു. അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഏറെ നേരിട്ടത് ഈ കേസുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു.

ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ അവതാരിക എഴുതിയ പുസ്തകം ജയിലിലെ പാര്‍ട്ടിഗ്രാമങ്ങള്‍, കൊലപാതകവും അന്വേഷണവും എന്നിങ്ങനെ ആറ് അധ്യായങ്ങളായാണ് തയ്യാറാക്കിയിരിക്കുന്നത്.

Advertisement