ദമ്മാം: സി.പി.ഐയുടെ മുതിര്‍ന്ന നേതാവും, സാമൂഹ്യപ്രവര്‍ത്തകനും, എഴുത്തുകാരനും, നാടകപ്രവര്‍ത്തകനുമായ ടി.പി മൂസയുടെ നിര്യാണത്തില്‍ നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു.

Subscribe Us:

ആദര്‍ശരാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ  തിളങ്ങുന്ന മാതൃകയായിരുന്നു ജനകീയനായ ടി.പി.മൂസ എന്ന് നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി അനുസ്മരണക്കുറിപ്പില്‍ പറഞ്ഞു. സിപിഐ കാര്‍ത്തികപ്പള്ളി ബ്രാഞ്ച് സമ്മേളനത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കവെയാണ് അദ്ദേഹം കുഴഞ്ഞ് വീണ് മരിച്ചത്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതു രംഗത്തെത്തിയ ടിപി മൂസ മികച്ച സഹകാരി കൂടിയായിരുന്നു. കോഴിക്കോടിന്റെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന അദ്ദേഹം നിരവധി നാടകങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ടിപി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട ടി പി മൂസ മികച്ച എഴുത്തുകാരന്‍ കൂടിയായിരുന്നു. നാടക അഭിനയവും, നാടക രചനയും, പത്രപ്രവര്‍ത്തനരംഗത്തും ഏറെ കാലം പ്രവര്‍ത്തിച്ചു.

സ്നേഹിച്ചുകൊണ്ട് എങ്ങനെ കലഹിക്കാം, സംവാദങ്ങളിലേര്‍പ്പെടാം എന്ന സ്വതസിദ്ധമായ ശൈലിയുടെ മാതൃകയായിരുന്നു ടി പി മൂസ. കാര്‍ത്തികപ്പള്ളിയിലെ ക്ഷീരകര്‍ഷകസംഘം, വില്യാപ്പള്ളി ജയകേരള കലാവേദി എന്നിവയുടെ ശില്‍പ്പി അദ്ദേഹമായിരുന്നു. ജീവിത വസന്തങ്ങള്‍ക്ക് സായാഹ്നങ്ങളില്ല എന്നുതന്നെയായിരുന്നു ടി പിയുടെ ജീവിതം നമുക്ക് കാട്ടിതന്നത്. ആദര്‍ശങ്ങള്‍ നഷ്ടമാകുന്ന ഇന്നത്തെ തലമുറയ്ക്ക് വഴികാട്ടിയായ ഒരു രാഷ്ട്രീയപ്രവര്‍ത്തകനെയാണ് നഷ്ടമായതെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുസ്മരിച്ചു.

നവയുഗം ജുബൈല്‍ കേന്ദ്രകമ്മിറ്റി സെക്രട്ടറി ടി.പി റഷീദിന്റെ പിതാവും, നവയുഗം ദമ്മാം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് ജമാല്‍ വല്യാപ്പള്ളിയുടെ മാതുലനുമാണ് അദ്ദേഹം. ആ കുടുംബത്തിന്റെയും, ജനങ്ങളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും, അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിയ്ക്കുന്നതായും വയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി അനുസ്മരണക്കുറിപ്പില്‍ പറഞ്ഞു.