അബുദാബി: ലോക ക്ലബ്ബ് ഫുട്‌ബോള്‍ രംഗത്ത് ആഫ്രിക്കയില്‍ നിന്നുള്ള ടി പി മസാംബെ ചരിത്രം രചിച്ചു. കോംഗോയില്‍ നിന്നുള്ള ഈ ടീം 2-0നാണ് ബ്രസീല്‍ ഇന്റര്‍നാഷണലെയെ തോല്‍പ്പിച്ചത്.

53 ാം മിനുറ്റില്‍ മുലോട്ടാ കബാംഗു ആണ് മസേംബയുടെ ആദ്യഗോള്‍ നേടിയത്. തുടര്‍ന്ന് അലൈന്‍ കലിയുട്ടിക്ക ടീമിന്റെ വിജയമുറപ്പിച്ച രണ്ടാമത്തെ ഗോളും നേടി.

ഈ വിജയത്തോടെ ക്ലബ്ബ് വേള്‍ഡ് കപ്പ് ഫൈനലിലെത്തിയിരിക്കുകയാണ് മസേംബെ. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ആഫ്രിക്കന്‍ ടീമാണ് മസേംബെ. യൂറോപ്പിനും തെക്കന്‍ അമേരിക്കയ്ക്കും പുറത്തുള്ള ഒരു ക്ലബ്ബ് ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത് ഇതാദ്യമാണ്.

വിജയം താരങ്ങളുടെ പ്രൊഫഷനലിസമാണ് വ്യക്തമാക്കുന്നതെന്നും ഇത് ആഫ്രിക്കന്‍ ഫുട്‌ബോള്‍ രംഗത്തിന് ഏറെ പ്രത്യാശ പകരുന്നതാണെന്നും മസേംബെ കോച്ച് ലമിന്‍ എന്‍ഡിയേ പറഞ്ഞു.