എഡിറ്റര്‍
എഡിറ്റര്‍
പ്രത്യേക അന്വേഷണ സംഘത്തെ വിപുലീകരിച്ചു; ഒഞ്ചിയം മേഖലയില്‍ നിരോധനാജ്ഞ
എഡിറ്റര്‍
Sunday 6th May 2012 5:53pm

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്റെ കൊലപാതക്കത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ വിപുലീകരിച്ചു. എ.ഐ.ജി. അനൂപ് ജോണ്‍ കുരുവിളയെയും മൂന്ന് ഡി.വൈ.എസ്.പിമാരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡി.വൈ.എസ്.പിമാരായ ഷൗക്കത്തലി, ജോസി. ചെറിയാന്‍, കെ.വി.സന്തോഷ് എന്നിവരാണ് പുതുതായി അന്വേഷണ സംഘത്തിലെത്തിയവര്‍. കുറ്റിയാടി സി.ഐ.ബെന്നിയും സംഘത്തിലുണ്ട്. ഇതു സംബന്ധിച്ച ഉത്തരവ് ഡി.ജി.പി. ജെക്കബ് പുന്നൂസാണ് പുറത്തിറക്കിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് സംശയിച്ചിരുന്ന പ്രതി സംസ്ഥാനം വിട്ടുവെന്ന നിഗമനത്തിലാണിപ്പോള്‍. കൊലയാളികള്‍ സഞ്ചരിച്ച കാര്‍ ഇന്നലെ തന്നെ കണ്ടെത്തിയിരുന്നെങ്കിലും കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാന്‍ പോലീസിനായിട്ടില്ല. ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങിയ ചിലരൊക്കെ പ്രതികളാണെന്ന സംശയവും പോലീസ് തള്ളിക്കളയുന്നല്ല.

ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ മുഖ്യ പ്രതിയെന്ന് പോലീസ് സംശയിക്കുന്ന റഫീഖ് സംസ്ഥാനം വിട്ടതായി പോലീസ് നഗമനം. ചാനലില്‍ പേര് വന്നതിനെ തുടര്‍ന്നാണ് റഫീഖ് സംസ്ഥാനം വിട്ടതെന്നാണ് പോലീസിന്റെ ഭാഷ്യം. ചാനലില്‍ ആദ്യം ഷഫീഖ് എന്ന പേരായിരുന്നു വന്നിരുന്നത്. പിന്നീടിത് റഫീഖ് എന്ന് വന്നതിനെ തുടര്‍ന്നാണ് ഇയാള്‍ മുങ്ങിയതെന്നാണ് പോലീസ് പറയുന്നത്. അയല്‍ സംസ്ഥാനമായ കര്‍ണാടകയിലേക്ക് പോയിരാക്കാനാണ് സാധ്യതയെന്നും പോലീസ് പറയുന്നു. പ്രതികള്‍ സഞ്ചരിച്ച കാറും കര്‍ണ്ണാടകയിലേക്കു കടത്താനായിരുന്നു പദ്ധതിയെന്നും പോലീസ് പറഞ്ഞു. എന്നാല്‍ ടി.പി.ചന്ദ്രശേഖരനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാന്‍ പോലീസിനിതു വരെ കഴിഞ്ഞിട്ടില്ല. പ്രതികളെ പിടികൂടിയാല്‍ മാത്രമേ ആയുധങ്ങള്‍ ലഭിക്കുകയുള്ളൂ.

അതേ സമയം സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വടകരയിലെ നാല് പഞ്ചായത്തുകളില്‍ പോലീസ് നിരോധനാഞ്ജ പ്രഖ്യാപിച്ചു. ഒഞ്ചിയം, ചോറോട്, ഏറാമല, അഴിയൂര്‍ എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. പോലീസ് ആക്ട് 75,78,79 പ്രകാരമാണ് നിരോധനാഞ്ജ പ്രഖ്യാപിച്ചത്. ഏഴ് ദിവസത്തേക്കാണ് നിരോധനാഞ്ജ.

Malayalam News

Kerala News in English

Advertisement