കോഴിക്കോട്: ഇങ്ക്വിലാബ് സിന്ദാബാദ്, സഖാവ് ടി.പി സിന്ദാബാദ്, ഒഞ്ചിയത്തിന്‍ ചുവന്ന പൂവേ…ഇല്ലാ ഇല്ലാ മരിച്ചിട്ടില്ല… സഖാവ് ടി.പി മരിച്ചിട്ടില്ല… ജീവിക്കുന്നു ഞങ്ങളിലൂടെ… പ്രിയപ്പെട്ട നേതാവിന്റെ മൃതദേഹം കണ്ടപ്പോള്‍ പുറത്തുണ്ടായിരുന്ന പ്രവര്‍ത്തകരും അനുഭാവികളും ഉറക്കെ മുദ്രാവാക്യം വിളിച്ചു.

കടുത്ത പ്രതിസന്ധി ഘട്ടങ്ങളിലും തങ്ങളെ മുന്നില്‍ നിന്ന് നയിച്ച പ്രിയ നേതാവിന്റെ ചേതനയറ്റ ശരീരം കണ്ടപ്പോള്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞു. ചിലര്‍ക്ക് ദുഖം അടക്കാനായില്ല. ഏത് സമയവും ചെറിയ മന്ദഹാസത്തോടെ ജനങ്ങളെ അഭിമുഖീകരിച്ച സഖാവ് ടി.പിയുടെ മുഖം പക്ഷെ പൈശാചികമായ ആക്രമണത്തില്‍ ഏറെ വികൃതമായി മാറിയിരുന്നു.

ടി.പി ചന്ദ്രശേഖരന്റെ മൃതദേഹം കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വെച്ചപ്പോള്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തിയത് ആയിരങ്ങളാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന്
ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൃതദേഹം ടൗണ്‍ഹാളിലേക്ക് കൊണ്ട് പോയത്. സഖാവ് ടി.പിക്ക് അന്ത്യയാത്ര നല്‍കാന്‍ നിരവധി പേര്‍ റോഡിനിരുവശവും തടിച്ചുകൂടിയിരുന്നു.

ടൗണ്‍ഹാളില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ മൃതദേഹം സന്ദര്‍ശിച്ച് അന്ത്യാജ്ഞലി അര്‍പ്പിച്ചു. ടൗണ്‍ഹാളിന് പുറത്ത് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞ് വി.എസിനടുത്തെത്തിയെങ്കിലും അദ്ദേഹം ഒന്നും സംസാരിക്കാതെ കാറിനുള്ളിലേക്ക് കയറി. ബെര്‍ലിന്‍ കുഞ്ഞനന്ദന്‍നായരും ടൗണ്‍ഹാളില്‍ ടി.പിയ്ക്ക് അന്ത്യാജ്ഞലിയര്‍പ്പിക്കാനെത്തിയിരുന്നു.

അതേസമയം ടി.പി ചന്ദ്രശേഖരന്റെ മൃതദേഹത്തില്‍ അമ്പതിലധികം വെട്ടുകള്‍ കൊണ്ടതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്.

Malayalam News

Kerala News in English