എഡിറ്റര്‍
എഡിറ്റര്‍
ടി.പിയുടെ കടം വീട്ടി: ഒഞ്ചിയത്തെ വീട്ടില്‍ ഐക്യദാര്‍ഢ്യ സംഗമം
എഡിറ്റര്‍
Sunday 5th August 2012 4:08pm

ഒഞ്ചിയം: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹയാത്രികരും അനുസ്മരിച്ചു. ഒഞ്ചിയത്ത് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സമ്മേളനത്തിലാണ് ടി.പിയെ അനുസ്മരിച്ചത്.

Ads By Google

ടി.പി. ചന്ദ്രശേഖരന്റെ സുഹൃദ് സംഘത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സി.പി.ഐ.എം അനുഭാവികളും മുന്‍കൈയെടുത്ത് പിരിച്ചെടുത്ത 19 ലക്ഷം രൂപ ഉപയോഗിച്ച് ബാങ്ക് വായ്പ അടച്ചുതീര്‍ത്തതിന്റെ രസീത് സി.പി.ഐ.എം കുരുവട്ടൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം മുഹമ്മദ് സലിം കെ.കെ രമയ്ക്ക് കൈമാറി.

അഞ്ചുലക്ഷം രൂപ ലക്ഷ്യമിട്ടാണ്  ധനസമാഹരണം തുടങ്ങിയതെങ്കിലും പിന്നീട് കൂടുതല്‍ പ്രവര്‍ത്തകരില്‍ നിന്നും സഹായം പ്രവഹിച്ചതോടെ തുക പത്തൊമ്പതു ലക്ഷമായി ഉയര്‍ത്തുകയായിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ പ്രതിഷേധിക്കാന്‍ സി.പി.ഐ.എമ്മിന്റെ വിലക്ക്  മറികടന്ന് കഴിഞ്ഞ മേയില്‍ മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നിരുന്നു. അന്നാണ് ചന്ദ്രശേഖരന്റെ കുടുംബത്തെ സഹായിക്കാനായി ധനസമാഹരണം നടത്താന്‍ തീരുമാനിച്ചത്.

ടി.പിയുടെ ബലികുടീരത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് ഐക്യദാര്‍ഢ്യസമ്മേളനം ആരംഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒഞ്ചിയത്ത് ടി.പിയുടെ വീട്ടിലെത്തിയിരുന്നു.

സാംസ്‌കാരിക സമ്മേളനം എഴുത്തുകാരന്‍ എന്‍. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ടി.പിയുടെ മരണം ഒരു പുതിയ രാഷ്ട്രീയത്തിന് തുടക്കം കുറിക്കുമെന്ന് പ്രഭാകരന്‍പറഞ്ഞു.

സൈമണ്‍ ബ്രിട്ടോയുടെ സന്ദേശം കെ.എസ് ബിമല്‍ വേദിയില്‍ വായിച്ചു. ‘നീതിമാന്റെ  രക്തം നമ്മില്‍ തിളച്ചുകൊണ്ട് കിടക്കും. അത് ജനത്തോട് പറഞ്ഞുകൊണ്ടേയിരിക്കും’ എന്നായിരുന്നു ബ്രിട്ടോയുടെ സന്ദേശം. സമ്മേളനത്തില്‍ സി.പി.ഐ.എമ്മിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

മുപ്പത് വര്‍ഷത്തിനുള്ളില്‍ കണ്ണൂര്‍ ജില്ലയില്‍ നിരവധി രാഷ്ട്രീയകൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം സി.പി.ഐ.എമ്മിനുനേരെ ശക്തമായ വിശ്വാസരാഹിത്യം ജനങ്ങളില്‍ സംഭവിച്ചിട്ടുണ്ടെന്ന് എന്‍. പ്രഭാകരന്‍ പറഞ്ഞു.

‘എം.എന്‍ വിജയന്‍മാഷ് പറഞ്ഞത് ഇങ്ങനെ പോയാല്‍ പാര്‍ട്ടിയുണ്ടാവും ജനങ്ങള്‍ ഉണ്ടാവില്ലയെന്നാണ്. എന്നാല്‍ അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ തിരിച്ചുപറയുമായിരുന്നു, ജനങ്ങള്‍ ഉണ്ടാവും പക്ഷെ പാര്‍ട്ടിയുണ്ടാവില്ല. ‘ ചടങ്ങില്‍ സംസാരിച്ച വി.ആര്‍ സുധീഷ് പറഞ്ഞു.

‘എനിക്ക് ടി.പിയോടൊപ്പം ജീവിക്കണമെന്നായിരുന്നു ആഗ്രഹം. ടി.പിയുടെ ആശയങ്ങളോടൊപ്പം ജീവിക്കാനാണ് ഇപ്പോള്‍ കൂടുതലാഗ്രഹം’ വി.എസ് അനില്‍കുമാര്‍ പറഞ്ഞു.

ചടങ്ങില്‍ എസ്.എഫ്.ഐ മുന്‍ കേന്ദ്രകമ്മിറ്റിയംഗം കെ.എസ് ബിമല്‍ സ്വാഗതം പറഞ്ഞു. മുന്‍ എസ്.എഫ്.ഐ സംസ്ഥാനസെക്രട്ടറിയേറ്റംഗം എന്‍.പി പ്രതാപ് കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍. ശശിധരന്‍, ഐ.വി ബാബു, വി.ആര്‍ സുധീഷ്, വി.എസ് അനില്‍കുമാര്‍, കെ.കെ മാധവന്‍, പുറവില്‍ കണ്ണന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ശിവദാസ് പുറമേരി, വീരാന്‍കുട്ടി, എസ്. സിത്താര, കെ. അജിത, എം.എ അബ്ദുറഹിമാന്‍, കെ.സി ഉമേഷ്ബാബു, രാഘവന്‍ പയ്യനാട്, കെ.എം ഭരതന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement