എഡിറ്റര്‍
എഡിറ്റര്‍
ഇടത് രാഷ്ട്രീയത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയ നേതാവ്
എഡിറ്റര്‍
Saturday 5th May 2012 10:30am

അടിസ്ഥാന വര്‍ഗ്ഗത്തിന്റെ വിമോചനം സ്വപ്‌നം കണ്ട് നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച ടി.പി ചന്ദ്രശേഖരന്‍ സി.പി.ഐ.എമ്മിന്റെ അധാര്‍മ്മിക രാഷ്ട്രീയത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയാണ് പാര്‍ട്ടി വിട്ടത്. സി.പി.ഐ.എമ്മിന്റെ വലതുപക്ഷവത്കരണ്തില്‍ പ്രതിഷേധിച്ച് പല നേതാക്കളും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് നിഷ്‌ക്രിയരാവുകയോ കൂടുതല്‍ വലതുപക്ഷമായ യു.ഡി.എഫിലേക്ക് ചേക്കേറുകയോ ചെയ്തപ്പോള്‍ ഇടതുപക്ഷത്ത് ഉറച്ച് നിന്ന് രാഷ്ട്രീയ പറയുകയായിരുന്നു ടി.പി ചന്ദ്രശേഖരന്‍. ഈ നിലപാട് കാരണമാണ് സഖാവ് ചന്ദ്രശേഖരന് ജീവന്‍ ബലി നല്‍കേണ്ടി വന്നതും.

Ads By Google

സമര പോരാട്ടങ്ങള്‍ കൊണ്ട് ചുടുനിണമണിഞ്ഞ നാടാണ് ഒഞ്ചിയം. എന്നാല്‍ പാര്‍ട്ടി തെറ്റായ നിലപാടിലേക്ക് നീങ്ങിയപ്പോള്‍ അത് ചോദ്യം ചെയ്യാനും അവര്‍ മുന്നോട്ട് വന്നു. ടി.പി ചന്ദ്രശേഖരന്‍ അവര്‍ക്ക് ശക്തമായ നേതൃത്വം നല്‍കുകയും ചെയ്തു. ചന്ദ്രശേഖരന്‍ പാര്‍ട്ടി വിട്ട് വലതുപക്ഷത്തേക്ക് പോവുകയായിരുന്നുവെങ്കില്‍ ജീവന്‍ ബലി നല്‍കേണ്ടി വരുമായിരുന്നില്ല. ഇദ്ദേഹത്തെ തള്ളിപ്പറയാനും അണികളെ എളുപ്പം ബോധ്യപ്പെടുത്താനും സി.പി.ഐ.എമ്മിന് കഴിയുമായിരുന്നു. എന്നാല്‍ ചന്ദ്രശേഖരന്‍ പാര്‍ട്ടി വിട്ടെങ്കിലും ഇടത് രാഷ്ട്രീയം തന്നെ പറഞ്ഞു.

നേരത്തെയും നിരവധി തവണ ചചന്ദ്രശേഖരനെതിരെ ആക്രമണവും വധശ്രമങ്ങളും നടന്നിട്ടുണ്ട്. അന്നൊക്കെ തലനാരിഴക്ക് അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. സി.പി.ഐ.എം ആക്രമണ പദ്ധതിയെക്കുറിച്ച് ചന്ദ്രശേഖരന്‍ ബോധവാനായിരുന്നുവെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. എന്നാല്‍ പോലീസ് സംരക്ഷണത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിനോട് അദ്ദേഹത്തിന് വിയോജിപ്പുമായിരുന്നു. പോലീസ് സംരക്ഷണമല്ല ജനങ്ങളുടെ സംരക്ഷണമാണ് വേണ്ടതെന്നായിരുന്നു ധീരനായ ആ രാഷ്ട്രീയ നേതാവിന്റെ നിലപാട്.

നേരത്തെ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ജയരാജനെ മാരകമായി വെട്ടിപ്പരിക്കേല്‍പിച്ച സംഭവമുണ്ടായിരുന്നു. ഇത് ഏറെ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ മണ്ഡലത്തില്‍പ്പെട്ട തലശ്ശേരി, കൂത്തുപറമ്പ് മേഖലകളില്‍ ചന്ദ്രശേഖരന്റെ പ്രവേശനം നിഷേധിച്ച സി.പി.ഐ.എം. പ്രചാരണം പരസ്യമായി തടയുകയും ചെയ്തിരുന്നു. അവസാനമായി അടുത്തിടെ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഏരിയാ സമ്മേളനത്തിനുനേരെയും വ്യാപകമായി ആക്രമണം നടന്നു. ഇത് മേഖലയില്‍ ദിവസങ്ങളോളം സംഘര്‍ഷത്തിനിടയാക്കുകയും ചെയ്തു.

2008ല്‍ ഏറാമല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനതാദളിനു കൈമാറിയതുമായി ബന്ധപ്പെട്ടാണ് ഒഞ്ചിയം മേഖലയില്‍ പാര്‍ട്ടിയിലെ ആശയസമരം പൊട്ടിത്തെറിയായി മാറിയതെങ്കിലും അതിവിശാലമായ രാഷ്ട്രീയ പശ്ചാത്തലം അതിനുണ്ട്. അതുകൊണ്ടാണ് ഒഞ്ചിയത്തെ തീപ്പൊരി സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും വ്യാപിച്ചത്.

സി.പി.ഐ.എം. നേതൃത്വം പാര്‍ട്ടിവിട്ടവരെ കുലംകുത്തികളെന്നുവരെ മുദ്രകുത്തി ആക്ഷേപിച്ചിട്ടും ഒഞ്ചിയത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചന്ദ്രശേഖരന്റെ പിന്നില്‍ അടിയുറച്ചു നിന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഈ മേഖലയില്‍ ഇതിന് സി.പി.ഐഎം. കനത്ത വിലയാണ് നല്‍കേണ്ടി വന്നത്.

വടകര ലോക്‌സഭാ മണ്ഡലത്തില്‍ സംസ്ഥാനത്ത് സി.പി.ഐ.എമ്മിനെ ഞെട്ടിച്ചുകൊണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ അട്ടിമറി വിജയം നേടിയത് ഒഞ്ചിയത്തെ സി.പി.ഐ.എമ്മിലെ പിളര്‍പ്പിന്റെ ബലത്തിലായിരുന്നു. എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകൊണ്ട് ഇടതുപക്ഷ ഏകോപനസമിതി സ്ഥാനാര്‍ത്ഥിയായ ടി.പി.ചന്ദ്രശേഖരന്‍ നേടിയ വോട്ടുകളാണ് എക്കാലത്തും സി.പി.ഐ.എം. കുത്തകയാക്കിവെച്ച വടകര മണ്ഡലം നഷ്ടപ്പെടാനിടയാക്കിയത്.

21,833 വോട്ടുകളാണ് തിരഞ്ഞെടുപ്പില്‍ ചന്ദ്രശേഖരന്‍ നേടിയത്. പരമാവധി പതിനായിരം വോട്ടിനപ്പുറം ചന്ദ്രശേഖരന് നേടാനാവില്ലെന്ന് കണക്കാക്കിയ സി.പി.ഐ.എം. നേതൃത്വത്തെ ഇത് അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ചന്ദ്രശേഖരന്‍േറത് ആളില്ലാപ്പാര്‍ട്ടിയാണെന്ന് പ്രചരിപ്പിച്ച സി.പി.ഐ.എം. അവസാനഘട്ടത്തില്‍ ഇവര്‍ യു.ഡി.എഫിന് വോട്ടു മറിച്ചുവെന്നും പ്രചരിപ്പിച്ചു. എന്നാല്‍ അപ്പോഴൊക്കെയും ചന്ദ്രശേഖരനും സഹപ്രവര്‍ത്തകരും ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിനു പിന്നില്‍ വടകര മേഖലയിലാകെ പാര്‍ട്ടി അണികള്‍ അണിചേരുന്ന കാര്യം ബോധപൂര്‍വം അറിഞ്ഞില്ലെന്ന് നടിക്കുകയായിരുന്നു സി.പി.ഐ.എം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 17 ബൂത്തുകളില്‍ സി.പി.എം. സ്ഥാനാര്‍ഥിയേക്കാള്‍ കൂടുതല്‍ വോട്ട് ചന്ദ്രശേഖരന്‍ നേടിയിരുന്നു.

കേരളത്തിലെ ഇടത് ബദല്‍ പരീക്ഷണങ്ങളില്‍ മാതൃകാപരമായ നിലപാട് സ്വീകരിച്ച നേതാവായിരുന്നു ചന്ദ്രശേഖരന്‍. ഇടതു ബദല്‍ അന്വേഷണ ശകതികള്‍ പോലും വ്യവസ്ഥാപിത മാര്‍ഗങ്ങളിലേക്ക് പിന്മടക്കമാരംഭിക്കുമ്പൊഴും അത്തരത്തിലൊരു പിന്മടക്കം സാധ്യമല്ല എന്നും, മുന്നേറ്റമാണ് വേണ്ടതെന്നും, വിട്ടുവീഴ്ചയില്ലാത്ത സമരം തന്നെയാണ് അതിനേക മാര്‍ഗം എന്നും സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തന്ന നേതാവായിരുന്നു ടി. പി.

Malayalam News

Kerala News in English

Advertisement