എഡിറ്റര്‍
എഡിറ്റര്‍
രമ സംയമനത്തോടെ പെരുമാറണമായിരുന്നു: വി.എസ്
എഡിറ്റര്‍
Friday 21st March 2014 11:49am

v.s

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരനെ വധിച്ചവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തപ്പോള്‍ അതിനെ പിന്തുണച്ച തനിക്കെതിരെ സംയമനത്തോട് കൂടിയായിരുന്നു രമ പ്രതികരിക്കേണ്ടിയിരുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ടി.പിയെ വധിച്ചവര്‍ പാര്‍ട്ടിയിലുണ്ടാവരുതെന്നായിരുന്നു തന്റെ നിലപാടെന്നും വധിച്ചവരെ അന്വേഷണം നടത്തി പുറത്താക്കാന്‍ പാര്‍ട്ടി തയ്യാറായതായും വി.എസ് പറഞ്ഞു.

രമക്ക് തന്റെ മകളുടെ പ്രായമാണുള്ളത്. ചന്ദ്രശേഖരന്റെ മരണത്തിന് ശേഷം ആ കുടുംബത്തോടും രമയോടും അങ്ങേയറ്റം സഹാനുഭൂതിയോട് കൂടിയാണ് താന്‍ ഇടപെട്ടതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

വ്യക്തി വിരോധമാണെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമായി ആര്‍.എം.പിക്കാരനായ ചന്ദ്രശേഖരനെ സി.പി.ഐ.എമ്മുകാരന്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന നിലപാടാണ് താന്‍ സ്വീകരിച്ചത്. കുറ്റക്കാരനെന്ന് കണ്ടെത്തിയ രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും സി.പി.ഐ.എം തയ്യാറായി. ഭേദഗതികളോടെയാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ താന്‍ സമീപിച്ചത്. എന്നാല്‍ ഈ നിലപാടിനെ പിന്തുണച്ച തന്നെ ജനം പുച്ഛിക്കുമെന്നാണ് രമ പറഞ്ഞത്.

അമ്പലപ്പുഴ പാല്‍പ്പായസത്തിന് കയ്പ്പാണെങ്കില്‍ ആ കയ്പ്പ് ഇഷ്ടമാണെന്ന് പറയുന്നത് പോലെ ആ പുച്ഛം തനിക്കിഷ്ടമാണെന്നും വി.എസ് പറഞ്ഞു.

സഹപ്രവര്‍ത്തകരെ കൊല്ലുക എന്നത് സി.പി.ഐ.എം നിലപാടല്ല.  ഏതെങ്കിലും ഒരു പ്രദേശത്ത് ചില ഭ്രാന്തന്‍മാര്‍ ചേര്‍ന്ന് ഒരു കൊല നടത്തിയതിന്റെ പേരില്‍ ദീര്‍ഘകാലത്തെ സാമ്രാജ്യത്വ-ജന്മിവിരുദ്ധ സമരത്തിന്റെ ഒരു പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയില്ല. അത്തരമൊരു നിലപാടിന് പകരം ഈ പാര്‍ട്ടിയെ സംരക്ഷിക്കുന്ന, ജനപക്ഷത്ത് നില്‍ക്കുമെന്ന നിലപാടാണ് താന്‍ സ്വീകരിച്ചതെന്നും വി.എസ് വിശദീകരിച്ചു.

എന്നാല്‍ പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് വി.എസ് വ്യക്തമാക്കി. പാര്‍ട്ടി അതീവ രഹസ്യമായാണ് അന്വേഷണം നടത്തിയിട്ടുള്ളത്. ഈ അന്വേഷണത്തിലാണ് രാമചന്ദ്രന്‍ ക്വട്ടേഷന്‍ സംഘവുമായി ഗൂഢാലോചന നടത്തി ടി.പിയെ വധിച്ചുവെന്നത് വ്യക്തമായത്. രാമചന്ദ്രന്റെ പങ്ക് വ്യക്തമായതിനാലാണ് അയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്നും വി.എസ് പറഞ്ഞു.

താന്‍ പിണറായി വിജയന് കീഴടങ്ങിയെന്ന് പറയുന്നത് വെറും പ്രചാരവേല മാത്രമാണെന്ന് വി.എസ് പറഞ്ഞു. താനും പിണറായി വിജയനും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്ന വ്യക്തമാക്കിയ വി.എസ് പിണറായിയെ പാര്‍ട്ടി സെക്രട്ടറിയാക്കണമെന്ന് ആവശ്യപ്പെട്ടത് താനാണെന്നും പറഞ്ഞു.

വ്യക്തിപരമായി പിണറായി വിജയനുമായി തനിക്ക് യാതൊരു വിരോധവുമില്ല. ലാവ്‌ലിന്‍ കേസില്‍ പിണറായി കുറ്റക്കാരനെന്നത് സി.എ.ജിയുടെ കണ്ടെത്തലാണ്. അതേസമയം മേല്‍ക്കോടതികളുടെ വിധി പരിശോധിച്ച ശേഷം വിഷയത്തില്‍ തന്റെ നിലപാട് അറിയിക്കുമെന്നും വി.എസ് പറഞ്ഞു.

Advertisement