എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: വിധി പ്രസ്താവം ആരംഭിച്ചത് ഗാന്ധിജിയുടെ വാക്കുകളോടെ
എഡിറ്റര്‍
Thursday 23rd January 2014 7:40am

tp-chandra-sekaran

കോഴിക്കോട്: ടി.പി വധക്കേസിലെ വിധി പ്രസ്താവന ജഡ്ജി ആര്‍. നാരായണപിഷാരടി ആരംഭിച്ചത് മഹാത്മാഗാന്ധിജിയുടെ വാക്കുകളുദ്ധരിച്ച്. ‘അസഹിഷ്ണുത തന്നെ ഒരു തരം ഹിംസയാണ്; ശരിയായ ജനാധിപത്യത്തിന് ഒരു തടസ്സവും’ ഇതായിരുന്നു ഇന്നലെ വിധി പ്രസ്താവിക്കുന്നതിന് മുമ്പ് ജഡ്ജി ആര്‍. നാരായണപിഷാരടി പറഞ്ഞത്.

കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയമല്ലാതെ മറ്റൊരു കാരണവുമില്ല. ടി.പി ചന്ദ്രശേഖരനെ വധിക്കാന്‍ മറ്റെന്തെങ്കിലും കാരണമുണ്ടെന്ന വാദം പ്രതിഭാഗത്തിനുമില്ല.

ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍ക്ക് ടി.പി ചന്ദ്രശേഖരനോട് വ്യക്തിപരമായി വിരോധമില്ലാതിരുന്നതിനാല്‍ ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്നത് വ്യക്തമാക്കുന്നതായി വിധിയില്‍ പറയുന്നു.

ഒഞ്ചിയം മേഖലയില്‍ സി.പി.ഐ.എം-ആര്‍.എം.പി സംഘര്‍ഷം നില നിന്നിരുന്നതായി പ്രതിഭാഗം സമര്‍പ്പിച്ച രേഖകളില്‍ നിന്ന് വ്യക്തമാണ്. 2012 ഏപ്രില്‍ 20ന് പി.കെ. കുഞ്ഞനന്തന്റെ വീട്ടില്‍ കെ.സി. രാമചന്ദ്രന്‍, ട്രൗസര്‍ മനോജന്‍, എം.സി. അനൂപ് എന്നിവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തി. തുടര്‍ന്ന് മറ്റു പ്രതികളുമായി പി.കെ. കുഞ്ഞനന്തന്‍ ബന്ധപ്പെട്ടതിന് ഫോണ്‍ രേഖകളും തെളിവായി.

ടി.പി ചന്ദ്രശേഖരനെ വധിച്ചതിന് ശേഷം മറ്റു പ്രതികള്‍ അറസ്റ്റിലായി തുടങ്ങിയതോടെ കുഞ്ഞനന്തന്‍ ഒളിവില്‍ പോയി. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി തലശ്ശേരി കോടതിയെ സമീപിച്ചു.

പി.കെ. കുഞ്ഞനന്തന്റെ മൊബൈലില്‍ നിന്ന് ഒളിവില്‍ പോയ 2012 മെയ് 19 മുതല്‍ കോടതിയില്‍ കീഴടങ്ങിയ ജൂണ്‍ ആറു വരെ ഒരു കോള്‍ പോലും പോയിട്ടില്ല. ഇത് പ്രതി ഒളിവിലായിരുന്നുവെന്നതിന് തെളിവാണെന്നും വിധി ന്യായത്തില്‍ പറയുന്നു.

രാഷ്ട്രീയ സ്വഭാവമുള്ള കേസുകളില്‍ സാക്ഷി പറയാന്‍ മടിക്കുന്നത് ഈ രാജ്യത്തെ പ്രവണതയാണെന്ന് കേസിലെ കൂറുമാറ്റം ചൂണ്ടിക്കാട്ടി കോടതി വിലയിരുത്തി.

Advertisement