എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: നിയമപോരാട്ടത്തിനൊരുങ്ങി ഇരു വിഭാഗവും
എഡിറ്റര്‍
Thursday 23rd January 2014 8:42am

high-court

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിപ്പട്ടിക വിചാരണക്കോടതി പുറത്തുവിട്ടതോടെ ഒരുവര്‍ഷത്തോളം എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടന്ന നിയമപോരാട്ടം ഹൈക്കോടതിയിലേക്ക് നീങ്ങുന്നു.

ശിക്ഷ എന്തുതന്നെയായാലും മേല്‍ക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. അതേ സമയം കുറ്റവിമുക്തരായവര്‍ക്കുകൂടി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പ്രോസിക്യൂഷനും രംഗത്തുണ്ട്.

സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി.കെ. ശ്രീധരന്‍തന്നെയാവും പ്രോസിക്യൂഷനുവേണ്ടി ഹൈക്കോടതിയിലും ഹാജരാകുക.

ഹൈക്കോടതിയില്‍ കേസുകള്‍ നടത്തി പരിചയമുള്ള അഭിഭാഷകരായ അഡ്വ. ബി. രാമന്‍പിള്ള, അഡ്വ. കെ. ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവരോടൊപ്പം മുന്‍ അഡ്വക്കറ്റ് ജനറല്‍ എ.കെ. ദാമോദരനും അഡ്വ. പി.വി. ഹരിയും അഡ്വ. എം.അശോകനും പ്രതികള്‍ക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരാകും.

ടി.പി വധക്കേസില്‍ ജാമ്യത്തിനായി പി. മോഹനനും പി.കെ. കുഞ്ഞനന്തനും ഹൈക്കോടതിയെ നേരത്തേ സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല.

കേസിന്റെ വിചാരണ ആരംഭിച്ചപ്പോള്‍ സി.പി.ഐ.എം. സംസ്ഥാനസമിതി അംഗവും 69ാം പ്രതിയുമായ കെ.കെ. രാഗേഷ് ഉള്‍പ്പെടെ 15 പേര്‍ ഹൈക്കോടതിയെ സമീപിച്ച് വിചാരണ സ്‌റ്റേചെയ്തിരുന്നു. ഇതിന്റെ തുടര്‍ നടപടികള്‍ ശിക്ഷാവിധി വന്നശേഷം ഉണ്ടാകും.

ഈ പ്രതികള്‍ വിചാരണനേരിടണമോ വേണ്ടയോ എന്ന് വിധിപ്പകര്‍പ്പ് പരിശോധിച്ചശേഷം ഹൈക്കോടതി തീരുമാനിക്കും.

Advertisement