എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: സി.പി.ഐ.എം എത്ര തന്നെ നിഷേധിച്ചാലും ആരോപണം നിലനില്‍ക്കുമെന്ന് രമയുടെ പിതാവ് കെ.കെ.മാധവന്‍
എഡിറ്റര്‍
Wednesday 22nd January 2014 1:01pm

kk-madhavan

കോഴിക്കോട്: സി.പി.ഐ.എം എത്ര തന്നെ നിഷേധിച്ചാലും ടി.പി കേസിലെ യാഥാര്‍ത്ഥ്യം നിലനില്‍ക്കുക തന്നെ ചെയ്യുമെന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യാ പിതാവ് കെ.കെ.മാധവന്‍ പറഞ്ഞു.

റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ വിധി കേട്ട ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവുമായ കെ.കെ.രമയുടെ പിതാവാണ് കെ.കെ.മാധവന്‍.

ഈ കൊലപാതകത്തിന് പിന്നില്‍ സി.പി.ഐ.എമ്മിന് പങ്കില്ലെന്ന് പറഞ്ഞാല്‍ അന്നം കഴിക്കുന്ന ആരും വിശ്വസിക്കില്ലെന്ന വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന സത്യമായിരുക്കുകയാണെന്ന് കെ.കെ.മാധവന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് മുന്നില്‍ തങ്ങള്‍ കുറ്റക്കാരല്ലെന്ന് തെളിയിക്കാന്‍ സി.പി.ഐ.എമ്മിനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കായി നേതാക്കള്‍ നേരിട്ട് രംഗത്തിറങ്ങിയെന്നും അവര്‍ക്കായി സി.പി.ഐ.എം ലക്ഷങ്ങള്‍ ചെലവഴിച്ചുവെന്നും കെ.കെ.മാധവന്‍ ഇന്നലെ ആരോപിച്ചിരുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന കെ.കെ.മാധവന്‍ തന്റെ മകളുടെ ഭര്‍ത്താവായ ടി.പി ചന്ദ്രശേഖരന്‍ കൊല ചെയ്യപ്പെട്ടപ്പോഴും പാര്‍ട്ടിക്കതില്‍ പങ്കില്ലെന്നവിശ്വാസത്തിലായിരുന്നു.

സി.പി.ഐ.എം ബാലുശ്ശേരി, പേരാമ്പ്ര ഏരിയാകമ്മിറ്റി അംഗം, സെക്രട്ടറി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കെ.കെ.മാധവന്‍ പിന്നീട് ടി.പി വധക്കേസിലെ തെളിവുകള്‍ പുറത്തു വന്നതോടെയാണ് പാര്‍ട്ടി വിട്ടത്.

Advertisement