ടോക്കിയോ: ഭൂകമ്പത്തെയും സുനാമിയെയും തുടര്‍ന്ന് തകര്‍ന്ന ഫുക്കുഷിമ ആണവ പ്ലാന്റില്‍ നിന്നുമുള്ള വികിരണംകലര്‍ന്ന ജലം പസഫിക് സമുദ്രത്തിലേക്ക് കലരുന്നതായി കണ്ടെത്തി. മാര്‍ച്ച് 11നുണ്ടായ സുനാമിയെതുടര്‍ന്നാണ് ഫുക്കുഷിമയിലെ ആണവകേന്ദ്രത്തില്‍ സ്‌ഫോടനമുണ്ടാവുകയും വികിരണം ആരംഭിക്കുകയും ചെയ്തത്.

ആണവകേന്ദ്രത്തെ സംരക്ഷിക്കുന്ന കൂളിംഗ് സംവിധാനം പൂര്‍ണമായും തകരുകയായിരുന്നു. തുടര്‍ന്നാണ് വികിരണം അടങ്ങിയ ജലം പസഫിക്കിലേക്ക് കലരാന്‍ തുടങ്ങിയത്. വികിരണമടങ്ങിയ പുക വന്‍തോതില്‍ ആകാശത്തേക്ക് വമിക്കുന്നുണ്ട്. എന്നാല്‍ പരന്നുകിടക്കുന്ന പസഫിക്കില്‍ വികിരണമടങ്ങിയ ജലം കലരുന്നത് പേടിക്കാനില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Subscribe Us:

അതിനിടെ വികിരണം തടയാന്‍ കോണ്‍ക്രീറ്റ് ഉപയോഗിക്കുമെന്നാണ് സൂചന. ഫുക്കുഷിമയില്‍ ഇനിയും ഇത്തരം വിള്ളലുകള്‍ ഉണ്ടാകാമെന്നും ഇവ ഉടനേ കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും സുരക്ഷാവക്താവ് അറിയിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി നഓതാ കാനിന്റെ സന്ദര്‍ശന വേളയിലാണ് ലീക്കുണ്ടായ കാര്യം പുറത്തറിഞ്ഞത്.

അതിനിടെ സര്‍ക്കാര്‍ ആണവനിലയത്തിന്റെ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും സുനാമി ബാധിച്ച ആളുകളെ അവഗണിക്കുകയാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. 165,000 ആളുകള്‍ ഇപ്പോഴും അഭയകേന്ദ്രങ്ങളില്‍ കഴിയുകയാണ്. സര്‍ക്കാറും ആണവ കാര്യ നിയന്ത്രകരായ ടെപ്‌കോയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.