തിരുവനന്തപുരം: സ്‌നേഹവും ബഹുമാനവും കലര്‍ന്നൊരു അസൂയയാണ് നടന്‍ പൃഥ്വിരാജിനോടുള്ളതെന്ന് ടോവിനോ തോമസ്. തന്റെ തലയില്‍ സിനിമാ മോഹം കയറുന്ന കാലത്ത് പ്രേക്ഷകര്‍ അംഗീകരിച്ചിട്ടുള്ള ഒരേയൊരു യുവനടന്‍ പൃഥ്വിരാജാണെന്നും ടോവിനോ പറയുന്നു. വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ടോവിനോയുടെ പ്രതികരണം.

ഇന്ത്യന്‍ സിനിമയില്‍ പൃഥ്വിരാജിന് അദ്ദേഹത്തിന്റേതായ ഒരു സ്‌പേസുണ്ട്. മലയാള സിനിമ മുന്നോട്ടു നീങ്ങണമെങ്കില്‍ നല്ല സിനിമകള്‍ വരണമെന്നും വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്തണമെന്നും വിശ്വസിച്ച് അതിന് വേണ്ടി നിലകൊള്ളുന്നുണ്ട് പൃഥ്വിരാജ്. സെല്‍ഫ് സെന്റേര്‍ഡ് ആകാതെ കൂടെ ജോലി ചെയ്യുന്ന ആളുകളെ ഒരു തരത്തിലും ഒതുക്കി നിര്‍ത്താതെ അവര്‍ക്ക് ജോലി ചെയ്യാനുള്ള സ്‌പേസ് കൊടുത്തുകൊണ്ട് ഒരുമിച്ച് വളരുകയാണ് അദ്ദേഹം ചെയ്യുന്നത്.

സിനിമയില്‍ ഒതുക്കപ്പെട്ട അനുഭവങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ചുറ്റുമുള്ള പലരും അങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ വേവലാതിപ്പെട്ട് നടന്നിട്ടൊന്നും കാര്യമില്ലെന്നും ടോവിനോ പറയുന്നു.

ഞാനെപ്പോഴും എന്റെ ചുറ്റുമുള്ള എന്നെ അറിയാവുന്ന ആളുകളുടെ മുന്നില്‍ നിലപാടുകളും അഭിപ്രായങ്ങളും തുറന്നുപറയാറുണ്ട്. ഒരോ വാക്കിലും കുറ്റം കണ്ടെത്താന്‍ ശ്രമിക്കുന്നവരുടെ മുന്‍പില്‍ പിന്നെ എന്ത് പറഞ്ഞിട്ടും കാര്യമില്ല.

ആളുകളുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാകാം ചിലര്‍ എന്തിലും തെറ്റുകള്‍ കണ്ടെത്തി വിമര്‍ശനം ഉന്നയിക്കുന്നത്. മറ്റുള്ളവരെ ആക്രമിച്ച് സന്തോഷം കണ്ടെത്തുന്ന നിരവധി പേരുണ്ട് സോഷ്യല്‍ മീഡിയയില്‍. നല്ല ഉദ്ദേശത്തോടെ പറയുന്ന കാര്യങ്ങളില്‍ ഞാന്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥങ്ങള്‍ കണ്ടെത്തി വാക്കുകളെ വളച്ചൊടിക്കുന്ന അവസ്ഥ ഉണ്ടായപ്പോഴാണ് പിന്‍വലിഞ്ഞതെന്നും ടോവിനോ പറയുന്നു.