എഡിറ്റര്‍
എഡിറ്റര്‍
കായല്‍ നികത്തിയുള്ള ടൂറിസം വികസനം വേണ്ടെന്ന് പിണറായി
എഡിറ്റര്‍
Tuesday 5th November 2013 5:00am

pinaray

കൊല്ലം: കായല്‍ നികത്തിയുള്ള ടൂറിസം വികസനം വേണ്ടെന്ന് ##സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ##പിണറായി വിജയന്‍.

ടൂറിസം വികസനത്തിന്റെ ഭാഗമായി റിസോര്‍ട്ടുകള്‍ പണിയുന്നതിന് ആരും എതിരല്ല. എന്നാല്‍ അത് കായല്‍ നികത്തിക്കൊണ്ട് വേണ്ട.

കായലിന്റെ ഭംഗി കാണാന്‍ കായലുകള്‍ തന്നെ വേണം. പിണറായി പറഞ്ഞു.

സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള പരമ്പരാഗത വ്യവസായ തൊഴിലാളികളുടെ സംസ്ഥാന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തൊഴില്‍ സംരക്ഷണം എന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്ന നയമാണ് സര്‍ക്കാരിനുള്ളത്. കശുവണ്ടി, കൈത്തറി, കള്ള്‌ചെത്ത്, ബീഡി, ഈറ്റ, ഖാദി, കയര്‍, മത്സ്യം തുടങ്ങി എല്ലാ പരമ്പരാഗത മേഖലകളിലും യു.ഡി.എഫ് സര്‍ക്കാര്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

എന്തെങ്കിലും ഉണര്‍വുണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ തുടര്‍ന്നാണ്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്ക് പകരം ബദല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയാണ് ഇടത് സര്‍ക്കാര്‍ ഇത് നേടിയത്.

80 ശതമാനം തൊഴിലാളികളും സ്ത്രീകളായിട്ടുള്ള കയര്‍മേഖലയില്‍ നിന്നും 2011-12 കാലയളവില്‍ 1052 കോടി രൂപയുടെ ഉത്പന്നങ്ങളാണ് കയറ്റിയയച്ചത്.

ഇത്രയും വലിയൊരു വ്യവസായമേഖല കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ മാത്രം തകരുന്നു. സ്വകാര്യസംരംഭകര്‍ കേരളം വിട്ടോടുന്നു. പിണറായി പറഞ്ഞു.

വിദേശക്കപ്പലുകള്‍ അതിര്‍ത്തി വരെയെത്തി മീന്‍ പിടിക്കുന്നു. സബ്‌സിഡി ഇല്ലാതാക്കിയതും മത്സ്യഫെഡിനെ തകര്‍ത്തതുമൊക്കെ ഈ മേഖലയെയും പ്രതിസന്ധിയിലാക്കി.

നബാര്‍ഡിന്റെ പല നിബന്ധനകളും കൈത്തറി മേഖലയ്ക്ക് തിരിച്ചടിയാകുന്നതായി പിണറായി കുറ്റപ്പെടുത്തി. അഞ്ച് ദിവസത്തെ റിബേറ്റ് പഴയത് പോലെ 101 ദിവസത്തേയ്ക്കായി വര്‍ദ്ധിപ്പിക്കണമെന്നും കൈത്തറി മേഖലയ്ക്ക് പ്രത്യേക സംരക്ഷണ നയം രുപീകരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

പത്ത്  മേഖലകളിലെ തൊഴിലാളികള്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അധ്യക്ഷനായിരുന്നു.

സംസ്ഥാന ട്രഷറര്‍ കെ.എം. സുധാകരന്‍, മുന്‍മന്ത്രി ടി.എം. തോമസ് ഐസക്, മുന്‍ എം.പി സി.എസ്. സുജാത തുടങ്ങിയവര്‍ പ്രസംഗിച്ചു

Advertisement