എഡിറ്റര്‍
എഡിറ്റര്‍
പഴകിയ ഭക്ഷണം പിടിച്ചെടുത്ത ലെ മെറീഡിയന്‍ ഹോട്ടലിന് മികച്ച ഹോട്ടലിനുള്ള ടൂറിസം അവാര്‍ഡ്
എഡിറ്റര്‍
Saturday 11th August 2012 4:42pm

കൊച്ചി: പഴകിയ ഭക്ഷണം പിടിച്ചെടുത്ത കൊച്ചിയിലെ ലെ മെറീഡിയന്‍ ഹോട്ടല്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററിന് 2010-11 ലെ മികച്ച ഫൈവ് സ്റ്റാര്‍ ഡീലക്‌സ് ഹോട്ടലിനുള്ള കേരള സര്‍ക്കാരിന്റെ ടൂറിസം എക്‌സലന്‍സ് അവാര്‍ഡ്.

Ads By Google

തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് കേരളത്തിലുടനീളം ആരോഗ്യവകുപ്പ് ഭക്ഷ്യസുരക്ഷാ വിഭാഗവും റെയ്ഡ് നടത്തിയിരുന്നു. ആ റെയ്ഡിലാണ് കൊച്ചിയിലെ ലെ മെറീഡിയനില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. എന്നാല്‍ റെയ്ഡ് നടന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേരളത്തിലെ മികച്ച ഫൈവ് സ്റ്റാര്‍ ഡീലക്‌സ് ഹോട്ടലിനുള്ള അവാര്‍ഡ് ലെ മെറീഡിയന് ലഭിച്ചതായി തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. മന്ത്രി കെ.പി അനില്‍ കുമാറായിരുന്നു ചടങ്ങിന് അധ്യക്ഷം വഹിച്ചത്.

കേരളത്തെ സംബന്ധിച്ച് ടൂറിസം ഏറ്റവും സാധ്യതയുള്ള മേഖലയാണെന്നും ആ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. അവാര്‍ഡിന് അര്‍ഹരായവരെ അഭിനന്ദിക്കുകയും ടൂറിസത്തിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുമെന്നും അദ്ദേഹം ചടങ്ങില്‍ അറിയിച്ചു.

എന്നാല്‍ കേരള ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഈ അവാര്‍ഡ് കമ്മിറ്റിയിലെ ജൂറിമാര്‍ ആരൊക്കെയായിരുന്നെന്നോ എന്തെല്ലാം മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത ഹോട്ടലിനെ മികച്ച ഹോട്ടലായി തിരഞ്ഞെടുത്തതെന്നോ കാണാന്‍ കഴിയുന്നില്ല.

അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിക്കുന്നത് സുതാര്യമല്ലെന്ന് ടൂറിസം മേഖലയിലുള്ള മറ്റ് സ്ഥാപനങ്ങള്‍ക്ക് പരാതിയുണ്ട്. അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിക്കുന്നതും പ്രഖ്യാപിക്കുന്നതും മറ്റും പത്രങ്ങളിലൂടെ വായിച്ച് മാത്രമാണ് അറിയാന്‍ കഴിയുന്നതെന്ന് ഈ മേഖലയിലുള്ളവര്‍ തന്നെ പരാതി ഉന്നയിക്കുന്നുണ്ട്.

വര്‍ഷങ്ങളായി ഏതാനും ചില ഗ്രൂപ്പുകളുടെ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നുണ്ട്. ഈ അവാര്‍ഡിന് കാഷ് പ്രൈസ് ഇല്ലാത്തതാണ് പൊതുജനങ്ങളില്‍ നിന്ന് ഇതുവരെ പരാതി ഉയരാതിരിക്കാന്‍ കാരണമെന്ന് ഇവര്‍ പറയുന്നു.  പക്ഷേ ഇത്തരം അവാര്‍ഡുകള്‍ ഇവര്‍ പരസ്യത്തിനും മറ്റും ഉപയോഗിച്ച് പബ്ലിസിറ്റി നേടുകയും ചെയ്യുന്നു.

കെ.ടി.ഡി.സി ചെയര്‍മാന്‍ വിജയന്‍ തോമസ്, ടൂറിസം സെക്രട്ടറി സുമന്‍ ബില്ല, ഡയരക്ടര്‍ റാണി ജോര്‍ജ്, കോണ്‍ഫഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇ.എം നജീബ് എന്നിവര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കേരളത്തിലെ മികച്ച ഹെറിറ്റേജ് ഹോട്ടിലിനുള്ള അവാര്‍ഡ് കുമരകത്തെ കോക്കനറ്റ് ലഗൂണും കേരളത്തിലെ മികച്ച ഫൈവ് സ്റ്റാര്‍ ഹോട്ടലായി എറണാകുളത്തെ ഗേറ്റ് വേ ഹോട്ടലും മികച്ച ഫോര്‍ സ്റ്റാര്‍ ഹോട്ടലായി വിവന്‍ത ബൈ താജും മികച്ച ത്രീ സ്റ്റാര്‍ ഹോട്ടലായി ആലപ്പുഴയിലെ ദ മരാരി ബീച്ചിനെയുമാണ് തിരഞ്ഞെടുത്തത്.

യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ പ്രഖ്യാപിക്കുന്ന ഈ അവാര്‍ഡിന് പിന്നില്‍ വന്‍ തിരിമറി നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്.

കൊച്ചിയിലെ സ്റ്റാര്‍ ഹോട്ടലുകളില്‍ റെയ്ഡ് നടത്തി പഴകിയ ഭക്ഷണം പിടിച്ചെടുത്തതിന്റെ പിറ്റേന്നുതന്നെ മരട് നഗരസഭാ സെക്രട്ടറിയായിരുന്ന ജയകുമാറിനെ ചെങ്ങന്നൂരിലേക്ക് സ്ഥലം മാറ്റിയത് വിവാദമായിരുന്നു. ലെ മെറീഡിയന്‍, വൈറ്റ്‌ഫോര്‍ട്ട്, സരോവരം എന്നീ സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത് ഹോട്ടലുകളുടെ പേര് സഹിതം നഗരസഭയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.

ഇതുവരെ നക്ഷത്രഹോട്ടലുകളില്‍ റെയ്ഡ് നടത്തി പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് പ്രദര്‍ശിപ്പിക്കാന്‍ ഒരു ഉദ്യോഗസ്ഥനും ധൈര്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഇതിനായി മുന്നിട്ടിറങ്ങിയ ഉദ്യോഗസ്ഥനെ 24 മണിക്കൂറിനകം സ്ഥലം മാറ്റിയതിന് പിന്നില്‍ ഉന്നതരുടെ പങ്കുണ്ടെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

News in English

Tourism department award for Le Meridian Kochi selling stale food

Advertisement