തൃശ്ശൂര്‍: പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി അതിനെ കുറിച്ചുള്ള നടപടികളറിയാന്‍ പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങേണ്ട. പരാതിയെകുറിച്ചുള്ള നടപടികള്‍ ഇനിമുതല്‍ റോഡുകളിലും റെയില്‍വേസ്‌റ്റേഷനുകളിലുമിരുന്നും അറിയാം. ഇതിനായി പോലീസുകാര്‍ നമ്മുടെ കൂടെ നടക്കുമെന്ന് കരുതല്ലേ. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും സ്ഥാപിച്ചിട്ടുള്ള ഉപകരണത്തില്‍ വിരലമര്‍ത്തുകയേ വേണ്ടൂ, പരാതിയെ കുറിച്ച് ഇതുവരെയുള്ള എല്ലാ നടപടികളും അറിയാം.

Ads By Google

പല യൂറോപ്യന്‍ രാജ്യങ്ങളിലും സ്ഥാപിച്ചിട്ടുള്ള ‘ടച്ച് സ്‌ക്രീന്‍ കിയോസ്‌കു’കളെ പറ്റിയാണ് പറയുന്നത്. ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ ഉപകരണം സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Subscribe Us:

കേരളത്തിലെ ഏത് ജില്ലയിലെ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയായാലും നടപടികളെ കുറിച്ച് അറിയാമെന്നതാണ് പുതിയ ഉപകരണത്തിന്റെ പ്രത്യേകത. പരാതി നല്‍കുമ്പോള്‍ ലഭിക്കുന്ന രസീതില്‍ രേഖപ്പെടുത്തിയ നമ്പര്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ അറിയുക.

കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടമായി സിറ്റിസണ്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സ്ഥാപിക്കും. സംസ്ഥാനത്തെ ഏത് സ്റ്റേഷനിലേക്കുള്ള പരാതിയും ഹെല്‍പ് ഡെസ്‌കില്‍ നല്‍കാം.

ഇതിനായുള്ള സോഫ്റ്റ്‌വെയര്‍ സംസ്ഥാന ഐ.ടി മിഷന്‍ തയ്യാറാക്കിയിട്ടുണ്ട്. പോലീസ് സ്‌റ്റേഷനുകള്‍ തമ്മിലുള്ള കത്തിടപാടുകളും അപേക്ഷകളും ഇനിമുതല്‍ പുതിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴിയാകും നല്‍കുക.