Categories

Headlines

ടോട്ടല്‍ ഫോര്‍ യു മോഡല്‍ തട്ടിപ്പ്: ബാബുരാജ് കീഴടങ്ങി

തലശേരി: ടോട്ടല്‍ ഫോര്‍യു മാതൃകയില്‍ കോടിക്കണക്കിനുരൂപയുടെ തട്ടിപ്പുനടത്തിയ സംഭവത്തിലെ പ്രധാന പ്രതി ധര്‍മ്മടം പോലീസിനു മുമ്പാകെ കീഴടങ്ങി. പയ്യന്നൂര്‍ മമ്പനം കാനം റോഡിലെ സേതുവില്‍ ബാബുരാജാണ് (29) ഇന്നു രാവിലെ 10 ഓടെ ധര്‍മ്മടം പോലീസ് സ്‌റ്റേഷനിലെത്തി എസ്.ഐ വര്‍ഗീസ് മുമ്പാകെ കീഴടങ്ങിയത്.

തുടര്‍ന്നു ബാബുരാജിനെ തലശേരി ഡി.വൈ.എസ്.പി ഓഫീസിലെത്തിച്ചു. ഡി.വൈ.എസ്.പി പ്രിന്‍സ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ ചോദ്യംചെയ്തുവരികയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാകാന്‍ പ്രതിക്ക് ഹൈക്കോടതി അനുവദിച്ച സമയപരിധി ഇന്നവസാനിക്കാനിരിക്കെയാണ് കീഴടങ്ങല്‍. പ്രതിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

ബാബുരാജിനെ പിടികൂടാന്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് കീഴടങ്ങല്‍. കഴിഞ്ഞ തിങ്കളാഴ്ച ബാബുരാജ് കീഴടങ്ങാനെത്തുമെന്നു പ്രചാരണം നടന്നെങ്കിലും ഇയാള്‍ വന്നിരുന്നില്ല. ഇതിനിടെ ബാബുരാജിനെ ഒരുസംഘം വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി കൈയില്‍ ധരിച്ചിരുന്ന സ്വര്‍ണമോതിരങ്ങളും കഴുത്തിലുണ്ടായിരുന്ന മാലയും കവര്‍ന്നശേഷം മര്‍ദിച്ചവശനാക്കി റോഡില്‍ തള്ളിയതായും പരിക്കേറ്റ ബാബുരാജ് കര്‍ണാടകയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയതായും വാര്‍ത്ത പരന്നിരുന്നു.

തട്ടിപ്പുകേസില്‍ ധര്‍മടം കിഴക്കയില്‍ വീട്ടില്‍ ബാലകൃഷ്ണനെ (46) നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന ബാലകൃഷ്ണനു കോടതി പിന്നീട് ജാമ്യം അനുവദിച്ചു. ബാലകൃഷ്ണന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 48 ലക്ഷം രൂപയുടെ ചെക്കുകളും എഗ്രിമെന്റുകളും കണ്ടെടുത്തിരുന്നു.

ഇയാളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാബുരാജിന്റെ പയ്യന്നൂരിലെ വീട്ടിലും പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. റെയ്ഡില്‍ 45 ലക്ഷംരൂപയുടെ ചെക്കുകളും മുദ്രപത്രങ്ങളും കംപ്യൂട്ടറും കണ്ടെടുത്തിരുന്നു. ഇതിനുപുറമേ ഒന്നരക്കോടി രൂപയുടെ പണമിടപാട് രേഖകള്‍ കണ്ടെത്തിയിരുന്നു.

കെ.ബാബുരാജും യൂത്ത് കോണ്‍ഗ്രസുകാരനായ പയ്യന്നൂരിലെ കെ.ടി ശ്യാംകുമാറും കൂടിച്ചേര്‍ന്ന് നിക്ഷേപകരില്‍ നിന്നും ഏതാണ്ട് 500 കോടിയിലധികം രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കലാസാംസ്‌കാരിക വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറി കാരയില്‍ സുകുമാരന്റെ അനുജനാണ് ശ്യാംകുമാര്‍. ഒരു ലക്ഷം രൂപമുതല്‍ 2.5 കോടി രൂപവരെ ഇവരെ വിശ്വസിച്ചേല്‍പ്പിച്ചവരുണ്ടെന്നാണ് സൂചന. പ്രതിമാസം 10%വരെ പലിശനല്‍കാമെന്ന വാഗ്ദാനത്തിലാണു നിക്ഷേപം സ്വീകരിക്കുന്നത്. തലശ്ശേരിയിലും പയ്യന്നൂരും കേന്ദ്രമാക്കിയാണു പ്രവര്‍ത്തനം നടത്തിവന്നത്.

സ്ഥാപനത്തിന് പേരിടുകയോ, ബോര്‍ഡുവയ്ക്കുകയോ ചെയ്തിട്ടില്ല. ഇവര്‍ പണം സ്വീകരിക്കാന്‍ തുടങ്ങിയിതിന് ശേഷം നിക്ഷേപിച്ചവര്‍ക്കെല്ലാം കൃത്യമായി പലിശ നല്‍കുന്നതിനാല്‍ കൂടുതല്‍ പേര്‍ ഇവരെതേടിയെത്തിയിരുന്നു. നിക്ഷേപകരെ ക്യാന്‍വാസ് ചെയ്തു നല്‍കുന്ന അംഗങ്ങള്‍ക്ക് രണ്ടുശതമാനം കമ്മീഷനും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു.

വിശ്വാസ്യതയ്ക്കുവേണ്ടി തട്ടിപ്പുകാര്‍ മൂന്ന് കേന്ദ്രമന്ത്രിമാരുടെ പേര് ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഉടമയുടെ പേരിലുള്ള ഒപ്പിട്ട ചെക്ക് ലീഫും 50 രൂപയുടെ മുദ്രപത്രത്തിലുള്ള കരാറും മാത്രമാണു നിക്ഷേപത്തിനു പകരം ലഭിക്കുന്ന രേഖകള്‍. നിക്ഷേപകന്റെ പേരും മൊബൈല്‍ നമ്പറും തുകയ്ക്കു പകരം പ്രത്യേക കോഡും എഴുതിവയ്ക്കും. അധ്യാപകര്‍, ബിസിനസുകാര്‍, ബാങ്ക് മാനേജര്‍, വ്യാപാരികള്‍, ജോലിയില്‍ നിന്നു വിരമിച്ചവര്‍ തുടങ്ങിയവര്‍ നിക്ഷേപകരുടെ കൂട്ടത്തിലുണ്ട്.

ഒരു മുന്‍ ബാങ്ക് മാനേജര്‍ രണ്ടു ശതമാനം കമ്മീഷന്‍ പറ്റി അഞ്ചുകോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു നല്‍കിയിട്ടുണ്ട്. സമാഹരിക്കുന്ന പണം വിദേശ കറന്‍സി വ്യാപാരത്തിനു ഉപയോഗിക്കുന്നതായും ഇതില്‍ നിന്ന് ലഭിക്കുന്ന ലാഭമാണ് നിക്ഷേപകര്‍ക്ക് പലിശ്ശയായി നല്‍കുന്നതെന്നുമാണ് ഇവര്‍ നിക്ഷേപകരെ ബോധ്യപ്പെടുത്തുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.