പയ്യന്നൂര്‍: ടോട്ടല്‍ ഫോര്‍ യു മാതൃകയില്‍ തട്ടിപ്പു നടത്തുന്നതിന്റെ പേരില്‍ പയ്യന്നൂരില്‍ പോലീസ് റെയ്ഡ് നടത്തി . റെയ്ഡിനിടെ കണ്ണൂരില്‍ ധര്‍മ്മടം സ്വദേശിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

പയ്യന്നൂര്‍ മമ്പലം കാനം റോഡിലെ കെ.ബാബുരാജിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇയാള്‍ ഒളിവിലാണ്. റെയ്ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. തലശ്ശേരി, പയ്യന്നൂര്‍ പോലീസ് സംയുക്തമായാണ് റെയ്ഡ് നടത്തിയത്. രാവിലെ 6 മുതല്‍ 11 മണി വരെ നടത്തിയ റെയ്ഡിന് തലശ്ശേരി സി.ഐ. വി.അനില്‍ കുമാര്‍, പയ്യന്നൂര്‍ സി.ഐ. പി.കെ.സുധാകരന്‍, കണ്ണൂര്‍ എസ്.പിയുടെ കീഴ്‌ലുള്ള പ്രത്യേക അന്വേഷണസംഘം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

റെയ്ഡില്‍ ഒന്നരക്കോടി രൂപയുടെ പണമിടപാട് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ പയ്യന്നൂരില്‍ താമസമാക്കിയിട്ട് കുറച്ചുകാലമേ ആയുള്ളൂ. അതിനാല്‍ നാട്ടുകാര്‍ക്ക് ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ല.

കെ.ബാബുരാജും യൂത്ത് കോണ്‍ഗ്രസുകാരനായ പയ്യന്നൂരിലെ കെ.ടി ശ്യാംകുമാറും കൂടിച്ചേര്‍ന്ന് നിക്ഷേപകരില്‍ നിന്നും ഏതാണ്ട് 500 കോടിയിലധികം രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കലാസാംസ്‌കാരിക വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറി കാരയില്‍ സുകുമാരന്റെ അനുജനാണ് ശ്യാംകുമാര്‍. ഒരു ലക്ഷം രൂപമുതല്‍ 2.5 കോടി രൂപവരെ ഇവരെ വിശ്വസിച്ചേല്‍പ്പിച്ചവരുണ്ടെന്നാണ് സൂചന. പ്രതിമാസം 10%വരെ പലിശനല്‍കാമെന്ന വാഗ്ദാനത്തിലാണു നിക്ഷേപം സ്വീകരിക്കുന്നത്. തലശ്ശേരിയിലും പയ്യന്നൂരും കേന്ദ്രമാക്കിയാണു പ്രവര്‍ത്തനം നടത്തിവന്നത്.

സ്ഥാപനത്തിന് പേരിടുകയോ, ബോര്‍ഡുവയ്ക്കുകയോ ചെയ്തിട്ടില്ല. ഇവര്‍ പണം സ്വീകരിക്കാന്‍ തുടങ്ങിയിതിന് ശേഷം നിക്ഷേപിച്ചവര്‍ക്കെല്ലാം കൃത്യമായി പലിശ നല്‍കുന്നതിനാല്‍ കൂടുതല്‍ പേര്‍ ഇവരെതേടിയെത്തുന്നുണ്ട്. നിക്ഷേപകരെ ക്യാന്‍വാസ് ചെയ്തു നല്‍കുന്ന അംഗങ്ങള്‍ക്ക് രണ്ടുശതമാനം കമ്മീഷനും വാഗ്ദാനം ചെയ്യുന്നുണ്ട്.

വിശ്വാസ്യതയ്ക്കുവേണ്ടി തട്ടിപ്പുകാര്‍ മൂന്ന് കേന്ദ്രമന്ത്രിമാരുടെ പേര് ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഉടമയുടെ പേരിലുള്ള ഒപ്പിട്ട ചെക്ക് ലീഫും 50 രൂപയുടെ മുദ്രപത്രത്തിലുള്ള കരാറും മാത്രമാണു നിക്ഷേപത്തിനു പകരം ലഭിക്കുന്ന രേഖകള്‍. നിക്ഷേപകന്റെ പേരും മൊബൈല്‍ നമ്പറും തുകയ്ക്കു പകരം പ്രത്യേക കോഡും എഴുതിവയ്ക്കും. അധ്യാപകര്‍, ബിസിനസുകാര്‍, ബാങ്ക് മാനേജര്‍, വ്യാപാരികള്‍, ജോലിയില്‍ നിന്നു വിരമിച്ചവര്‍ തുടങ്ങിയവര്‍ നിക്ഷേപകരുടെ കൂട്ടത്തിലുണ്ട്.

ഒരു മുന്‍ ബാങ്ക് മാനേജര്‍ രണ്ടു ശതമാനം കമ്മീഷന്‍ പറ്റി അഞ്ചുകോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു നല്‍കിയിട്ടുണ്ട്. സമാഹരിക്കുന്ന പണം വിദേശ കറന്‍സി വ്യാപാരത്തിനു ഉപയോഗിക്കുന്നതായും ഇതില്‍ നിന്ന് ലഭിക്കുന്ന ലാഭമാണ് നിക്ഷേപകര്‍ക്ക് പലിശ്ശയായി നല്‍കുന്നതെന്നുമാണ് ഇവര്‍ നിക്ഷേപകരെ ബോധ്യപ്പെടുത്തുന്നത്.