ജാര്‍ഗ്രാം: പശ്ചിമ ബംഗാളിലെ ജാര്‍ഗ്രാമില്‍ മാവോവാദി വേട്ടയുടെ പേരില്‍ സൈന്യവും പോലീസും ഗ്രാമീണരെ ലൈംഗികമായി പീഡിപ്പക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് മാവോവാദി വിരുദ്ധ നീക്കത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന രീതിയിലാണ് ആരോപണങ്ങളുയരുന്നത്.

ജൂണ്‍ 30ന് സംയുക്ത സേന തന്നെ ലംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി സോനമുഖി ഗ്രമാത്തിലെ 50കാരി രംഗത്തു വന്നു. പീഡനത്തിനിരയായ ഗ്രാമത്തിലെ ആറ് സ്ത്രീകള്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയരായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

‘ തൊഴുത്തില്‍ ജോലി ചെയ്യുകയായിരുന്ന എന്നെ അവര്‍ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടു വന്നു. മര്‍ദിച്ച് അവശയാക്കിയ എന്നെ അവര്‍ പീഡിപ്പിച്ചു’- പീഡനത്തിനിരയായ മറ്റൊരു സ്ത്രീ വ്യക്തമാക്കി.

വീട്ടില്‍ അതിക്രമിച്ചു കയറിയ രണ്ട് സൈനികര്‍ തന്റെ മരുമകളെ പീഡിപ്പിച്ചുവെന്ന് ബിന്ദു മഹാതോ വ്യക്തമാക്കുന്നു. എന്നാല്‍ അക്രമികളില്‍ നിന്ന് താന്‍ മരുമകളെ രക്ഷപ്പെടുത്തുകയായിരുന്നു. സൈന്യം തങ്ങളോട് ഭീകരത കാട്ടുകയാണെന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍ എന്നാല്‍ ആരോപണം ഗൗരവമായാണ് കാണുന്നതെന്ന് വെസ്റ്റ് മിഡ്‌നാപൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് നാരായണന്‍ സ്വരൂപ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്ത് മാവോവാദികളെന്ന് പറഞ്ഞ് പുരുഷന്‍മാരെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന സാഹചര്യമാണുള്ളത്. അറസ്റ്റ് ഭയന്ന് പലരും വീടുകളില്‍ നിന്ന് വിട്ട് കഴിയുകയാണ്. ഈ സാഹചര്യം മുതലെടുത്താണ് സൈന്യവും പോലീസും തങ്ങളെ പീഡിപ്പിക്കുന്നതെന്ന് സ്ത്രീകള്‍ പറയുന്നു.