ന്യൂദല്‍ഹി: ഇറ്റാലിയന്‍ അംബാസിഡര്‍ ഡാനിയേല്‍ മഞ്ചിനി രാജ്യം വിടാതിരിക്കാന്‍ കനത്ത ജാഗ്രത.

Ads By Google

കടല്‍ക്കെല കേസിലെ പ്രതികളായ മറീനുകള്‍ തിരിച്ച് വരാത്ത സാഹചര്യത്തില്‍ ഇറ്റാലിയന്‍ അംബാസിഡര്‍ തിങ്കാളാഴ്ച വരെ  രാജ്യം വിടരുതെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.

ഇതിന്റെ പശ്ചാത്തതലത്തിലാണ് വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജാഗ്രത ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.

ഇറ്റാലിയന്‍ മറീനുകള്‍ തിരിച്ചുവരാത്തതെന്തുകൊണ്ടെന്ന് അംബാസിഡര്‍  കോടതിയില്‍ വിശദീകരിക്കേണ്ടത് തിങ്കളാഴ്ചയാണ്. അദ്ദേഹത്തിന്റെ ഉറപ്പിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിനായി ഇറ്റലിയില്‍ പോകാന്‍ ഇരുവരെയും സുപ്രീംകോടതി അനുവദിച്ചത്.

ഒരു നയതന്ത്രപ്രതിനിധിയുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് രാജ്യത്ത് വിലക്കുണ്ടാകുന്നത് ആദ്യമായാണ്. നയതന്ത്രബന്ധങ്ങള്‍ സംബന്ധിച്ച വിയന്ന കണ്‍വെന്‍ഷന്റെ 29ാം വകുപ്പനുസരിച്ച് നയതന്ത്രപ്രതിനിധികളെ തടഞ്ഞുവെക്കാനോ അറസ്റ്റുചെയ്യാനോ സാധ്യമല്ല.

എന്നാല്‍, നാവികര്‍ക്കുവേണ്ടി കോടതിയില്‍ ഉറപ്പുനല്‍കുക വഴി ഇറ്റാലിയന്‍ സ്ഥാനപതി സ്വമേധയാ നിയമാധികാരത്തിന് വഴങ്ങിയിരുന്നു. ഇനിയും അതിന് വഴങ്ങേണ്ടി വരുമെന്നാണ് വിദേശമന്ത്രാലയം വിശദീകരിക്കുന്നത്.

ജനതാപാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യന്‍സ്വാമി അംബാസിഡര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നല്‍കിയ ഹരജിയിന്‍മേലാണ്  സുപ്രീം കോടതി മഞ്ചിനിക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചത്.