ന്യൂദല്‍ഹി: അഹമ്മദാബാദില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടി ഇന്ത്യയുടെ താരമായി മാറിയ ചേതേശ്വര്‍ പൂജാരയെ പുകഴ്ത്താവുന്നിടത്തോളം എല്ലാവരും പുകഴ്ത്തിയിട്ടുണ്ട്.

എന്നാല്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് അതിനോട് അനകൂലിക്കുന്നില്ല. പൂജാരയെ ഇത്ര നേരത്തെ രാഹുല്‍ ദ്രാവിഡിനെപ്പോലുള്ള പ്രതിഭയുമായി താരതമ്യം ചെയ്യരുതെന്നാണ് കപില്‍ പറയുന്നത്.

Ads By Google

‘പൂജാര ഇപ്പോള്‍ കരിയര്‍ തുടങ്ങിയിട്ടേയുള്ളു. അദ്ദേഹം മികച്ച രീതിയിലാണ് കളിച്ചതും. എന്നാല്‍ ദ്രാവിഡുമായി ഇപ്പോഴേ അദ്ദേഹത്തെ താരതമ്യം ചെയ്യരുത്.

അയാള്‍ ആദ്യം ടീമില്‍ ഒരു സ്ഥാനം കണ്ടെത്തട്ടെ. അദ്ദേഹത്തിന്റെ പേരില്‍ തന്നെ പൂജാര അറിയപ്പെടട്ടെ. ദ്രാവിഡുമായൊക്കെ താരതമ്യം ചെയ്ത് അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കരുത്. അദ്ദേഹത്തെ അദ്ദേഹത്തിന്റെ ശൈലിയില്‍ വിടുക’- കപില്‍ പറഞ്ഞു.

15 വര്‍ഷം നീണ്ട കരിയറിന് ശേഷമാണ് രാഹുല്‍ ദ്രാവിഡ് അദ്ദേഹമായി മാറിയതെന്നും കപില്‍ പറഞ്ഞു.

‘പൂജാരയ്‌ക്കൊപ്പം തന്നെ മത്സരത്തില്‍ തിളങ്ങിയ താരമാണ് യുവരാജ് സിങ്. മാരകമായ രോഗത്തില്‍ നിന്നും മുക്തനായി വന്ന യുവി അദ്ദേഹത്തിന്റെ അവസ്ഥയ്ക്കപ്പുറമുള്ള പ്രകടനമാണ് നടത്തിയത് 74 റണ്‍സ് നേടിയെടുക്കാന്‍ യുവിക്കായി.

എന്നാല്‍ ക്രിക്കറ്റിനപ്പുറം അദ്ദേഹം തന്റെ ആരോഗ്യത്തിനും പ്രാധാന്യം നല്‍കണമെന്നാണ് എനിയ്ക്ക് പറയാനുള്ളത്. ആരോഗ്യം ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ മത്സരങ്ങള്‍ക്ക് പ്രാധാന്യം നല്‍കാവൂ. ക്രിക്കറ്റിലെ ഫോം തുടര്‍ന്ന് കൊണ്ടുപോകാന്‍ കഴിയുന്ന താരമാണ് യുവി. അതിന് തെളിവാണ് അദ്ദേഹത്തിന്റെ പ്രകടനം’ -കപില്‍ പറഞ്ഞു.

ഓരോ റണ്ണും നേടാന്‍ പൂജാര കാണിക്കുന്ന ആവേശം ഏറെ സന്തോഷിപ്പിച്ചതായി മുന്‍ സ്‌കിപ്പര്‍ അജയ് ജഡേജ പറഞ്ഞു. ഈ ഫോമിലെത്താന്‍ പൂജാര ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടാകും. ഡബിള്‍ സെഞ്ച്വറി നേടുകയെന്നത് അത്ര എളുപ്പത്തില്‍ കഴിയുന്ന കാര്യമല്ല. അദ്ദേഹത്തിന് ഇനിയും മുന്നേറാന്‍ ഉണ്ടെന്ന് കാണിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ ഷോട്ടും.