സിംഗപ്പൂര്‍: സിംഗപ്പൂരിന്റെ ഏഴാമത്തെ പ്രസിഡന്റ്ായി മുന്‍ ഉപപ്രധാനമന്ത്രി ടോണി ടാന്‍ (71) തെരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ മത്സരത്തിനൊടുവില്‍ 7,629 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് ടാന്‍ ജയിച്ചത്.

എഴുപത്തിയൊന്ന് കാരനായ നിലവിലെ പ്രസിഡണ്ട് എസ്. ആര്‍ നാഥന്റെ കാലാവധി ഈ മാസം അവസാനം അവസാനിക്കുന്ന ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇന്ത്യന്‍ വംശജനായ ആര്‍. നാഥന്‍ രണ്ടു തവണയായി 12 വര്‍ഷം സിഗപ്പൂരിന്റെ പ്രസിഡന്റായിരുന്നു.

മുന്‍ പാര്‍ലമെന്റ് അംഗം ടാന്‍ ചെംഗ് ബോക്ക്, ടാന്‍ കിന്‍ ലിയാന്‍, ടാന്‍ ജീ സേ എന്നിവരായിരുന്നു ടോണി ടാന്റെ പ്രധാന എതിരാളികള്‍. ഭരണ കക്ഷിയായ പീപ്പിള്‍ ആക്ഷന്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാവായ അദ്ദേഹം 35.19 ശതമാനം വോട്ട് നേടിയപ്പോള്‍ ടാന്‍ ചെംഗ് 34.85 ശതമാനം വോട്ടും ടാന്‍ ജീ സെ 25.04 ശതമാനം വോട്ടും ടാന്‍ കിന്‍ ലിയാന്‍ 4.91 ശതമാനം വോട്ടും നേടി.

ഉപപ്രധാനമന്ത്രി സ്ഥാനവും സിംഗപ്പൂര്‍ ഗവണ്‍മെന്റ് ഇന്‍വസ്റ്റ്‌മെന്‍ര് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുള്ള ടോണി ടാന്‍ നേരത്തേ നിരവധി തവണ മന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രസിഡണ്ട് പദത്തിലേക്ക് തിരഞ്ഞടുപ്പ് നിലവില്‍ വന്നതിന് ശേഷമുള്ള ഏറ്റവും വാശിയേറിയ മതസരമാണ് ശനിയാഴ്ച സിംഗപ്പൂരില്‍ നടന്നത്. ഭൂരിപക്ഷം കുറവായതിനാല്‍ ഞായറാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെണ്ണലിന് ശേഷമാണ് ടോണി ടാന്‍ വിജയിയായി ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചത്.