എഡിറ്റര്‍
എഡിറ്റര്‍
കൂട്ടബലാത്സംഗം: വിചാരണ ദല്‍ഹിക്ക് പുറത്തേക്ക് മാറ്റണമെന്ന ഹരജി നാളെ പരിഗണിക്കും
എഡിറ്റര്‍
Monday 21st January 2013 1:21pm

ന്യൂദല്‍ഹി: ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ കൂട്ടബലാത്സംഗത്തിനിരയായി പെണ്‍കുട്ടി മരിച്ച കേസിന്റെ വിചാരണ ദല്‍ഹിക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട പ്രതികളിലൊരാള്‍ ഹരജി നല്‍കി.

Ads By Google

ഹരജി സുപ്രീം കോടതി നാള പരിഗണിക്കും. കേസിലെ പ്രതി മുകേഷ് സിങ് ആണ് ഹരജി സമര്‍പ്പിച്ചത്.  ഉത്തര്‍പ്രദേശിലെ മഥുരയിലേക്ക് കേസ് മാറ്റണമെന്നാണ് പ്രതിയുടെ ആവശ്യം.

ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് ഹരജി നാളെ പരിഗണിക്കുമെന്നറിയിച്ചു. ദല്‍ഹിയിലെ പ്രത്യേക കോടതിയില്‍ വിചാരണ ഇന്ന് ആരംഭിക്കാനിരിക്കെയാണ് പ്രതി സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.

പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ദല്‍ഹിയിലുണ്ടായ ജനപ്രക്ഷോഭവും രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളും പോലീസ് ഉദ്യോഗസ്ഥരേയും കോടതികളേയും സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും അതിനാല്‍ നിതി കിട്ടില്ലെന്നും കാണിച്ചാണ് പ്രതിയുടെ ഹരജി.

കേസില്‍ ആറ് പ്രതികളാണ് ഉള്ളത്. അതില്‍ പ്രായപൂര്‍ത്തിയാകാത്തയാളുടെ വിചാരണ ബാലനീതി ബോര്‍ഡിന് കീഴില്‍ നടക്കും. ബാക്കി അഞ്ചുപേരേയും കോടതിയില്‍ ഹാജരാക്കും.

ബസ് ഡ്രൈവര്‍ രാംസിങ്, സഹോദരന്‍ മുകേഷ്, പവന്‍ ഗുപ്ത, അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ എന്നിവര്‍ക്കെതിരെയാണ് വിചാരണ ആരംഭിക്കുന്നത്. സാകേതിലെ അതിവേഗ കോടതിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി യോഗേഷ് ഖന്ന അധ്യക്ഷനായ ബഞ്ചിലാണ് വിചാരണ.

പെണ്‍കുട്ടി മരിച്ച സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആസ്പത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടായിരിക്കും പ്രധാന തെളിവ്. കേസില്‍ 80 സാക്ഷികളും 12 തെളിവുകളുമാണുള്ളത്. സംഭവത്തില്‍ ജനവരി മൂന്നിനാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രതികള്‍ക്കെതിരെ കൊലപാതകം (302), കൂട്ടബലാത്സംഗം (376), അസ്വാഭാവിക കുറ്റകൃത്യം (377), തെളിവ് നശിപ്പിക്കല്‍(201), കൊലപാതകശ്രമം (307), തട്ടിക്കൊണ്ടുപോകല്‍(365), കവര്‍ച്ചയ്ക്കിടെ മനഃപൂര്‍വം ഉപദ്രവിക്കല്‍ (394), കവര്‍ച്ചയും കൊലപാതകവും (396), പൊതുലക്ഷ്യത്തോടെ പ്രവര്‍ത്തിക്കല്‍ (34), ഗൂഢാലോചന (120ബി) തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

കേസിലെ പ്രതികളായ ആറുപേരില്‍ പ്രായപൂര്‍ത്തിയായ അഞ്ചുപേര്‍ക്കും വധശിക്ഷ നല്‍കണമെന്നാണു പ്രോസിക്യൂഷന്റെ ആവശ്യം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രഹസ്യമായാകും നടപടിക്രമങ്ങള്‍.

ദൈനംദിന വിചാരണ നടത്തി 45 ദിവസം കൊണ്ട് കേസ് തീര്‍ക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് യോഗേഷ് ഖന്നയാണു കേസ് പരിഗണിക്കുന്നത്. കേസ് അതിവേഗ കോടതിക്കു കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ സാകേത് മജിസ്‌ട്രേറ്റ് കോടതി നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.

കഴിഞ്ഞ മാസം 16 ാം തിയ്യതിയാണ് ദല്‍ഹിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അടിച്ച് അവശനാക്കിയ ശേഷമാണ് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്.

ഇതിന് ശേഷം പെണ്‍കുട്ടിയേയും യുവാവിനേയും വസ്ത്രമുരിഞ്ഞ് വഴിയില്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് ഇവരെ ബസ്‌കയറ്റി കൊലപ്പെടുത്താനും പ്രതികള്‍ ശ്രമിച്ചുവെന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നു.

ഗുരുതരമായി പരിക്കേറ്റ യുവതി 13 ദിവസത്തെ ചികിത്സയ്ക്കുശേഷം ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ മരിച്ചു.

Advertisement