കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവച്ച സംഭവത്തില്‍ പിടിച്ചിട്ടിരിക്കുന്ന ഇറ്റാലിയന്‍ കപ്പല്‍ എന്‍ റിക്ക ലെക്‌സി നാളെ വൈകിട്ട് അഞ്ചു മണിവരെ കൊച്ചി തുറമുഖം വിട്ടുപോകരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജി നാളെ പരിഗണിക്കുന്നതിനാലാണ് തീരം വിടുന്നത് വിലക്കിയത്.

25 ലക്ഷം രൂപ ബാങ്ക് ഗ്യാരന്റിയില്‍ കപ്പലിന് ഇന്ത്യന്‍ തീരം വിടാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വെടിയേറ്റുമരിച്ച ജലസ്റ്റിന്റെ കുടുംബം നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.

കഴിഞ്ഞ ദിവസം ഇന്ന് വൈകിട്ടു വരെ കപ്പല്‍ കൊച്ചി വിട്ടുപോകരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഈ സമയപരിധി നീട്ടുകയായിരുന്നു കോടതി. ഒരു കോടി രൂപ നല്‍കാന്‍ കപ്പല്‍ ഉടമകള്‍ എന്തുകൊണ്ട് മടി കാട്ടുന്നുവെന്ന് കോടതി ചോദിച്ചു.

കപ്പലിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളതാണെന്നും പിന്നെന്തുകൊണ്ടാണ് ഉടമകള്‍ ഇക്കാര്യത്തില്‍ വിമുഖത കാട്ടുന്നതെന്നും കോടതി ചോദിച്ചു. അതിനിടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യബന്ധന ബോട്ടിന്റെ ഉടമ ഫ്രെഡ്ഡിയും കോടതിയെ സമീപിച്ചിട്ടുണ്ട്. 75 ലക്ഷം രൂപയാണ് സെന്റ് ആന്റണീസ് ബോട്ടുടമയായ ഫ്രെഡ്ഡി ആവശ്യപ്പെട്ടിരിക്കുന്നത്.

കപ്പലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ തുറമുഖ ട്രസ്റ്റിന് കഴിയില്ലെന്നും ഇക്കാര്യത്തിനായി പോലീസിനെയും തീരസംരക്ഷണസേനയെയും ചുമതലപ്പെടുത്തണമെന്നും തുറമുഖ ട്രസ്റ്റിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇറ്റാലിയന്‍ കപ്പലില്‍ നിന്നു പൊലീസ് പിടിച്ചെടുത്ത ആയുധങ്ങള്‍ കൊല്ലം കോടതിയില്‍ ഹാജരാക്കി. കൊല്ലം ചീഫ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ആയുധങ്ങള്‍ ഹാജരാക്കിയത്. ഫൊറന്‍സിക്, വിരലയടയാള പരിശോധനകളും ബാലിസ്റ്റിക് പരിശോധനയും നടത്തിയാല്‍ മാത്രമേ മല്‍സ്യതൊഴിലാളികളെ വെടിവയ്ക്കാനുപയോഗിച്ച ആയുധമേതെന്ന് കൃത്യമായി മനസിലാക്കാനാകൂ എന്നു പൊലീസ് കോടതിയെ അറിയിച്ചു.

Malayalam News

Kerala News In English