Categories

അനധികൃത സ്വത്ത് സമ്പാദനം: തച്ചങ്കരിക്ക് ജാമ്യം

tomin-thachankiri

തൃശൂര്‍: ടോമിന്‍ തച്ചങ്കരിക്ക് തൃശൂര്‍ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ജാമ്യം. ഫെബ്രുവരി 8 ന് കേസ് വീണ്ടും പരിഗണിക്കും.

2003- 2007 കാലഘട്ടത്തില്‍ തച്ചങ്കരി 67 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു, കൂടിയ വിലയ്ക്ക് സ്വത്ത് വാങ്ങി ആധാരത്തില്‍ വില കുറച്ച് കാണിച്ചു,

വിദേശത്തുനിന്ന് അനധികൃതമായി ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തു, ഉപഹാരങ്ങള്‍ അനര്‍ഹമായി സ്വീകരിച്ചു, അനുമതിയില്ലാതെ വിദേശ യാത്രങ്ങള്‍ നടത്തി എന്നീ കുറ്റങ്ങളാണ് തച്ചങ്കരിക്ക് മേല്‍ ആരോപിക്കപ്പെട്ടത്.

കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോള്‍ തച്ചങ്കരിയോട് നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന്് നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം തച്ചങ്കരി ഇന്ന് കോടതിയില്‍ എത്തുകയായിരുന്നു.

ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രത്യേക ഉപാധികളൊന്നും വെക്കാതെ തന്നെ ജാമ്യം അനുവദിക്കുകയായിരുന്നു.

ആദ്യം ഇരുപത് ലക്ഷം രൂപയുടെ അനധികൃത സ്വത്ത് തച്ചങ്കരി സമ്പാദിച്ചു എന്നാണ് വിജിന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

എന്നാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന് അനുമതി നല്‍കാനാവില്ലെന്നു കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജിലന്‍സിന്റെ അപേക്ഷ തള്ളുകയായിരുന്നു.

ഇതേത്തുടര്‍ന്ന് കേസില്‍ വിജിലന്‍സ് തുടരന്വേഷണം നടത്തുകയും തച്ചങ്കരി  മുക്കാല്‍ കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി കേന്ദ്രത്തിന് വീണ്ടും അപേക്ഷ നല്‍കുകയുമായിരുന്നു.

Tagged with: