ആലപ്പുഴ: കസ്റ്റഡി പീഡനവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഐ.ജി ടോമിന്‍ തച്ചങ്കരി ഉള്‍പ്പെടെയുള്ള എട്ട് പ്രതികളെ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി വെറുതെ വിട്ടു. വാദിതന്നെ കൂറുമാറിയതാണ് കേസില്‍ വഴിത്തിരിവായത്.

1991ല്‍ പുന്നപ്രയില്‍ സുജ എന്ന സ്ത്രീയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രകാശന്‍ എന്നയാളെ മര്‍ദ്ദിച്ചുവെന്നാണ് കേസ്. കേസിന്റെ  വിചാരണ നടപടികള്‍ക്കിടയില്‍ വാദി പ്രകാശന്‍ കൂറുമാറിയിരുന്നു. പ്രകാശിന്റെ അയല്‍വാസിയായ യുവതി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് തച്ചങ്കരിയും സഹപ്രവര്‍ത്തകരും തന്നെ അറസ്റ്റുചെയ്ത് ലോക്കപ്പില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപിച്ച് 1996ലാണ് പ്രകാശന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ പരാതി നല്‍കിയത്.

കഴിഞ്ഞമാസം വരെ തച്ചങ്കരിക്കും, സഹപ്രവര്‍ത്തകര്‍ക്കും എതിരായ ആരോപണങ്ങള്‍ ഇയാള്‍ കോടതി മുമ്പാകെ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പ്രകാശന്‍ പൊടുന്നനെ നിലപാട് മാറ്റുകയും ഹരജിയില്‍ ആരോപിച്ചിരുന്ന കാര്യങ്ങള്‍ തനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നും കേസ് മുമ്പോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നും കോടതിയെ അറിയിക്കുകയായിരുന്നു. കെ.സി കുരുവിളയുടെ നിര്‍ബന്ധപ്രകാരമാണ് ഹരജി നല്‍കിയതെന്നും മറ്റൊരാള്‍ തയ്യാറാക്കിയ അന്യായത്തില്‍ ഒപ്പിടുകമാത്രമാണ് ചെയ്തതെന്നും പ്രകാശന്‍ കോടതിയെ അറിയിക്കുകയായിരുന്നു.

Malayalam news

Kerala news in English