എഡിറ്റര്‍
എഡിറ്റര്‍
ടോം ജോസ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചട്ടുകം: വി.എസ് അച്യുതാനന്ദന്‍
എഡിറ്റര്‍
Tuesday 23rd October 2012 12:00am

തിരുവനന്തപുരം: പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കൊച്ചി മെട്രോ മുന്‍ എം.ഡിയുമായ ടോം ജോസ് കേന്ദ്ര-സംസ്ഥാന ഭരണകൂടത്തിന്റെ ചട്ടുകമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മെട്രോ റെയില്‍ പദ്ധതിയില്‍ നിന്നും ഡി.എംആര്‍.സിയെയും ഇ. ശ്രീധരെനയും ഒഴിവാക്കാന്‍ ടോംജോസ് ചരടുവലിച്ചത് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.

Ads By Google

ഡി.എം.ആര്‍.സിയുടെ സ്ഥാപക ചെയര്‍മാനും ഇപ്പോഴത്തെ മുഖ്യഉപദേഷ്ടാവുമായ ഇ. ശ്രീധരന്റെ ആധികാരികത ചോദ്യം ചെയ്തുകൊണ്ടും അദ്ദേഹത്തെ അപഹസിക്കാന്‍ ശ്രമിച്ചുകൊണ്ടുമാണ് കെ.എം.ആര്‍.എല്‍ മുന്‍ എം.ഡിയായ ടോംജോസ് ഡി.എം.ആര്‍.സിയുടെ പുതിയ ചെയര്‍മാന് കത്തയച്ചത്.

കൊങ്കണ്‍ റെയില്‍വേയുടെയും ദില്ലി മെട്രോയുടെയും ശില്‍പിയായ ശ്രീധരന്റെ ആധികാരികത ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ രാജ്യത്തിന് മുമ്പില്‍ അപഹാസ്യരായിരിക്കുകയാണ്. കൊച്ചി മെട്രോ വിഭാവനം ചെയ്തതും പദ്ധതിരേഖ തയ്യാറാക്കിയതും അനുമതികള്‍ക്കായി അനവരതം പ്രവര്‍ത്തിച്ചതും ഇ. ശ്രീധരനും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഡി.എം.ആര്‍.സിയുമാണ്. ഡി.എം.ആര്‍.സി.യുടെ പുതിയ നേതൃത്വത്തിലെ ചിലരുമായി ഗൂഢാലോചന നടത്തുകയാണ് ടോംജോസിനെപ്പോലുളളവരെന്നും വി.എസ് ആരോപിച്ചു.

ടോംജോസ് കെ.എം.ആര്‍.എല്‍ എം.ഡിയായി ചാര്‍ജെടുത്ത ഉടനെ ചെയ്തത് അതിന്റെ ഫണ്ട് സ്വകാര്യ പുത്തന്‍തലമുറ ബാങ്കില്‍ നിക്ഷേപിക്കുകയാണെന്നും ബാംഗ്ലൂര്‍ മെട്രോ പദ്ധതിയുടെ നിര്‍മാതാക്കളുമായി രഹസ്യചര്‍ച്ച നടത്തിയത് അന്ന് വിവാദമായതാണെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ജനുവരിയില്‍ സിംഗപ്പൂരില്‍ പോയി ഒരു സ്വകാര്യ നിര്‍മാണ കമ്പനിയുമായി ചര്‍ച്ച നടത്താന്‍ ടോംജോസിന് അനുമതി നല്‍കിയത് മുഖ്യമന്ത്രിയാണ്. ഡി.എം.ആര്‍.സിക്ക് നിര്‍മ്മാണ ചുമതല നല്‍കുമെന്ന് പറയുന്ന സംസ്ഥാന സര്‍ക്കാര്‍ കെ.എം.ആര്‍.എല്‍ എം.ഡിയെ സ്വകാര്യ നിര്‍മാണ കമ്പനിയുമായി ചര്‍ച്ച നടത്താന്‍ സിംഗപ്പൂരിലേക്കയണ്‍ച്ചതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

മെട്രോ പദ്ധതി വൈകിക്കാനും ചിലവ് വര്‍ധിപ്പിക്കാനും നിര്‍മാണ ചുമതല കരാറുകാര്‍ക്ക് നല്‍കി കമ്മീഷന്‍ നേടാനും ഉന്നതതല ഗൂഢാലോചന നടക്കുന്നുവെന്നാണ്  ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നതെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

Advertisement