തെന്മല: തക്കാളിയുടെ വില ഗണ്യമായി കുറഞ്ഞത് തൊഴിലാളികളില്‍ ആശങ്കപരത്തുന്നു. മാര്‍ക്കറ്റില്‍ വില കുറഞ്ഞതോടെ തക്കാളി പാടങ്ങളില്‍ വിളവെടുപ്പ് നിര്‍ത്തിവയ്ക്കാനുള്ള തയാറെടുപ്പിലാണ് തൊഴിലാളികള്‍.

പച്ചക്കറികളില്‍ ഡിമാന്റ് ഏറെയുള്ള ഒന്നാണ് തക്കാളി. ഏറെ വില്പന പ്രതീക്ഷിക്കുന്ന ഓണക്കാലത്ത് വില കുറഞ്ഞതാണ് കര്‍ഷകരെ ഏറെ ആശങ്കയിലാഴ്ത്തുന്നത്. തിരുനെല്‍വേലി ജില്ലയിലെ കൃഷ്ണപുരത്ത് വന്‍തോതിലാണ് തക്കാളി കൃഷിചെയ്യുന്നത്. പാടങ്ങളില്‍ ഇക്കുറി വിളവെടുക്കാന്‍ തയാറാകാതെ തൊഴിലാളികള്‍ പിന്‍വാങ്ങുകയാണ്.

ഒരു കിലോ തക്കാളിക്ക് രണ്ടുരൂപയാണ് ഇവിടെ വില. എന്നാല്‍ ഇത് പൊതുമാര്‍ക്കറ്റിലെത്തുമ്പോള്‍ 10 രൂപയോളം വരും. തൊഴിലാളികള്‍ക്ക് ദിനംപ്രതി 100 രൂപയാണ് കൂലിയായി നല്‍കുന്നത്. മുന്തിയ ഇനത്തില്‍പ്പെട്ട തക്കാളിയാണ് ഇവിടെ കൃഷി ചെയ്യുന്നത്.

തക്കാളി വിളവെടുത്താല്‍ ഒരാഴ്ചവരെ കേടുകൂടാതിരിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. എന്നാല്‍ വിലകുറഞ്ഞതോടെ പച്ചക്കറി വ്യാപാരികളും തക്കാളിയോട് മുഖംതിരിച്ചിരിക്കുകയാണ്. നേരത്തെ വന്‍തോതിലാണ് മറ്റ് പ്രദേശങ്ങളിലേക്ക് തക്കാളി കയറ്റിയയച്ചിരുന്നത്. പല സ്ഥലങ്ങളിലും തക്കാളി കൃഷി വ്യാപകമാക്കിയതും ഉത്പാദനം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.