ഇടുക്കി: താന്‍ കൈയ്യേറ്റക്കാരനല്ലെന്ന് വാദിക്കാനുണ്ടായിരുന്നത് മന്ത്രി എം.എം മണിയായിരുന്നു എന്ന് സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സക്കറിയ. തനിക്ക് വേണ്ടി വാദിച്ച എംഎം മണിയ്ക്ക് ദൈവം നല്‍കിയ പ്രത്യുപകാരമായിരുന്നു കൊലക്കേസില്‍ നിന്നും കുറ്റവിമുക്തനാക്കിയ കോടതി വിധിയെന്നും ടോം സക്കറിയ പറഞ്ഞു. സ്പിരിറ്റ് ഇന്‍ ജീസസിന്റെ മുഖമാസികയിലാണ് ടോം സക്കറിയ നിലപാട് വ്യക്തമാക്കിയത്.

‘ടോം സഖറിയ കയ്യേറ്റക്കാരനല്ല’- മന്ത്രി എം.എം മണി എന്ന് ടിവി ചാനലുകളില്‍ എഴുതിക്കാണിച്ച ബ്രേക്കിങ് ന്യൂസ് വിദേശ രാജ്യത്തിരുന്ന് മൊബൈല്‍ ഫോണിലൂടെ ടിവി ന്യൂസ് കണ്ട താന്‍ അത്ഭുതപ്പെട്ടുപോയെന്നാണ് ടോം സക്കറിയ പറയുന്നത്.


dONT mISS കൊടുത്ത കൈക്കൂലി ഉദ്യോഗസ്ഥര്‍ വീട്ടില്‍ കൊണ്ടുവന്നു തരും; 1100 ല്‍ വിളിച്ചാല്‍ മതി 


മന്ത്രി എന്നെ കണ്ടിട്ടില്ല. ഞാനും അദ്ദേഹത്തെ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. എന്നിട്ടും എത്ര ഉറപ്പിച്ചാണ് അദ്ദേഹം എനിക്ക് വേണ്ടി വാദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ പത്രത്തിലും ടിവിയിലും കണ്ടുപരിചയമേ എനിക്കുള്ളൂ. എന്നെ കുറിച്ച് അദ്ദേഹം കേട്ടിട്ടുപോലുമുണ്ടാകില്ല. എന്നിട്ടും അദ്ദേഹം കുരിശിന് വേണ്ടി രണ്ടു സ്ഥലങ്ങളില്‍ വാദിച്ചത് എന്നെ അത്ഭുതപ്പെടുത്തി- ടോം സഖറിയ പറയുന്നു.

കര്‍ത്താവിന് വേണ്ടി വാദിച്ച എം.എം മണിയ്ക്ക് പ്രതിഫലം കിട്ടാന്‍ വൈകിയില്ല. അദ്ദേഹത്തിനെതിരെ ചുമത്തിയ കൊലപാതക കേസില്‍ നിരപരാധി ആണെന്ന് കണ്ട് കോടതി അദ്ദേഹത്തെ വെറുതെ വിട്ടെന്നും ടോം സഖറിയ പറയുന്നു.

പാപ്പാത്തി ചോലയില്‍ അറുപത് വര്‍ഷമായി സ്ഥാപിക്കപ്പെട്ട കുരിശാണെന്നും അത് വിശ്വാസികളുടെ കുരിശാണെന്നും വാദിച്ചത് മന്ത്രി മണിയായിരുന്നു എന്നും ടോം സക്കറിയ വ്യക്തമാക്കുന്നു.