എഡിറ്റര്‍
എഡിറ്റര്‍
എം.ബി രാജേഷിനെ ടോള്‍ജീവനക്കാര്‍ തടഞ്ഞു; ടോള്‍പിരിവില്‍ ഡി.വൈ.എഫ് നയം വ്യക്തമാക്കണമെന്ന് സമരസമിതി
എഡിറ്റര്‍
Wednesday 6th June 2012 3:23pm

പാലിയേക്കര: എം.ബി രാജേഷ് എം.പിയെ പാലിയേക്കര ടോള്‍ പ്ലാസയില്‍ ജീവനക്കാരന്‍ തടയുകയും അസഭ്യം പറയുകയും ചെയ്തു. സംഭവത്തില്‍ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റു ചെയ്തു.

വൈകുന്നേരം എഴുമണിയോടെയാണ് സംഭവം. ഏറണാകുളത്തുനിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്നു രാജേഷ്. സ്വകാര്യവാഹനത്തിലായിരുന്നതിനാല്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുകയും ചെയ്തു. എന്നാല്‍ ജീവനക്കാര്‍ ബ്ലോക്ക് മാറ്റാന്‍ വിസമ്മതിച്ചു. എം.പിയെ അസഭ്യം പറയുകയും ചെയ്തു. എം.പിയുടെ കൂടെയുണ്ടായിരുന്ന അഭിഭാഷകനും പുറത്തിറങ്ങിയതോടെ വാക്കേറ്റവും തര്‍ക്കവും കയ്യേറ്റത്തിന്റെ വക്കിലെത്തി. ഈ സമയത്ത് പാലിയേക്കര സമതി കണ്‍വീനറും ഇടതുപക്ഷ ഏകോപനസമിതി നേതാവുമായ കെ.ജെ മോന്‍സി സ്ഥലത്തെത്തി എം.പിക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച ടോള്‍ജീവനക്കാരുടെ നടപടിയെ ചോദ്യം ചെയ്തു.

തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന പുതുക്കാട് പോലീസ് ടോള്‍പ്ലാസ ജീവനക്കാരായ സൈമണ്‍, ജിത്തു എന്നിവരെ കസ്റ്റഡിയിലെടുത്തു. അപ്പോഴേക്കും ടോള്‍പ്ലാസയുടെ പരിസരത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നിറഞ്ഞു. ടോള്‍ പ്ലാസ് ഓഫീസില്‍ എത്തി എം.പി അധികൃതര്‍ക്ക് രേഖാമൂലം പരാതി നല്‍കി. തുടര്‍ന്ന് കമ്പനി അധികൃകരെ ഫോണില്‍ ബന്ധപ്പെട്ട എം.പി രാജേഷ് ടോള്‍ പ്ലാസയില്‍ ഗുണ്ടകളെ ഒഴിവാക്കി ജീവനക്കാരെ നിയമിക്കണം എന്നാവശ്യപ്പെട്ടു.

അതിനിടെ, എം.പിയെ അസഭ്യം പറഞ്ഞതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടന അക്രമാസക്തമായി. സംഘര്‍ഷത്തെത്തുടര്‍ന്ന് ഒരു മണിക്കൂറോളം ടോള്‍പിരിവ് നിര്‍ത്തിവെച്ചു.

ഡി.വൈ.എഫ്.ഐ നയം വ്യക്തമാക്കണം: സമരസമിതി

ഡി.വൈ.എഫ്.ഐ നേതാവും എം.പിയുമായ എം.ബി രാജേഷിനെ പാലിയേക്കര ടോള്‍ബൂത്തില്‍ ഒരു മണിക്കൂറോളം തടഞ്ഞുവെച്ച സ്വകാര്യ ടോള്‍ കമ്പനിയ്‌ക്കെതിരെയും ദേശീയ പാതകകള്‍ ഇത്തരം സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതുന്നതിനെയും സംബന്ധിച്ചുള്ള ഡി.വൈ.എഫ്.ഐയുടെ നിലപാട് വ്യക്തമാക്കണമെന്ന് പാലിയേക്കര ടോള്‍ വിരുദ്ധ സമരസമിതി കണ്‍വീനര്‍ മോന്‍സി ആവശ്യപ്പെട്ടു. എം.ബി രാജേഷ് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും തടഞ്ഞുവയ്ക്കുകയായിരുന്നു. ഒരു ജനപ്രതിനിധിയുടെ ഗതിയിതെങ്കില്‍ പാവം സാധാരണക്കാരുടെ ഗതിയെന്തെന്ന് ഡി.വൈ.എഫ്.ഐക്കാര്‍ ചിന്തിക്കണം. ലോക്‌സഭാ സ്പീക്കറുടെ തിരിച്ചറിയല്‍ കാര്‍ഡിന് പുല്ലുവിലപോലും കല്‍പ്പിക്കാത്ത സ്വകാര്യകമ്പനിയ്‌ക്കെതിരെ നിലപാടെടുക്കാതെ അവരുടെ നിര്‍ദേശപ്രകാരം ചുങ്കം പിരിക്കുന്ന തൊഴിലാളിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട ഡി.വൈ.എഫ്.ഐ നേതാവിന്റെ തൊഴിലാളിവിരുദ്ധ നിലപാട് അപഹാസ്യമാണ് മോന്‍സി പറഞ്ഞു.

സ്വന്തം അവകാശങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ ക്ഷുഭിതരാവുന്ന ജനപ്രതിനിധികള്‍, കാലാകാലങ്ങളായി ജനങ്ങള്‍ സൗജന്യമായി ഉപയോഗിച്ചവരുന്ന ദേശീയപാതയിലെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട്, സ്വകാര്യ കമ്പനികള്‍ക്ക് തടസ്സം കൂടാതെ ചുങ്കം പിരിക്കാന്‍ അവസരമൊരുക്കുകവഴി സ്വയം അപഹാസ്യനാവുന്നത് ബഹുജനം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement