ടോക്കിയോ: റഷ്യയുടെ മരിയ ഷറപ്പോവയും, മരിയ കിരിലെങ്കോയും, വേര സവനോരയും പാന്‍ പസഫിക് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മൂന്നാം റൗണ്ടില്‍ ജര്‍മ്മനിയുടെ ജൂലിയ ജോര്‍്ജജസിനെ രണ്ട് സെറ്റിന് തകര്‍ത്താണ് ഷറപ്പോവ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്. സ്‌കോര്‍: 7-6(4), 7-6(4)

ട്രൈബേക്കറിനൊടുവിലാണ് രണ്ട് സെറ്റുകളും ഷറപ്പോവ സ്വന്തമാക്കിയത്. ആദ്യ സെറ്റില്‍ 3-1 നും രണ്ടാം സെറ്റില്‍ 5-3നും പിന്നിട്ട് നിന്ന് ശേഷം ശക്തമായി തിരിച്ച് വന്നാണ് റഷ്യന്‍ താരം ഗെയിം സ്വന്തമാക്കിയത്. മത്സരം കടുത്തതായിരുന്നതെന്നും ട്രൈബ്രേക്കറിനൊടുവില്‍ വിജയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഷറപ്പോവ മത്സര ശേഷം പറഞ്ഞു.

ടൂര്‍ണ്ണമെന്റിലെ രണ്ടാം സീഡായ ഷറപ്പോവ ക്വാര്‍ട്ടറില്‍ അഞ്ചാം സീഡായ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവയുമായി മത്സരിക്കും. കഴിഞ്ഞ വിംബില്‍ഡണ്‍ ഫൈനലില്‍ ഷറപ്പോവ ക്വിറ്റോവയോട് തോറ്റിരുന്നു. ക്വിറ്റോവക്കെതിരെ തോല്‍വി ആവര്‍ത്തിക്കാനിഷ്ടപ്പെടുന്നില്ലെന്നും ഇത്തവണ വിജയം തന്റെ കൂടെയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റഷ്യന്‍ സുന്ദരി പറഞ്ഞു. മാര്‍ച്ച് പതിനൊന്നിന് നടന്ന ഭുകമ്പത്തിനും സുനാമിക്കും ശേഷം ആദ്യമായാണ് ഷറപ്പോവ ജപ്പാനില്‍ ടൂര്‍ണ്ണമെന്റിനിറങ്ങുന്നത്.

യു.എസ്.ഓപ്പണ്‍ ജേതാവായ സാമന്ത സ്‌ട്രോസറെ അട്ടിമറിച്ച് മൂന്നാം റൗണ്ടിലെത്തിയ റഷ്യയുടെ തന്നെ മരിയ കിരിലെങ്കോയും ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. അന്നാ ഇവാനോവിച്ചിനെതിരെ 6-2, 6-1നായിരുന്നു കിരിലെങ്കോയുടെ വിജയം. ക്വാര്‍ട്ടറില്‍ നാട്ടുകാരിയായ വേര സവനോരയാണ് കിരിലെങ്കോയുടെ എതിരാളി. ഫ്രാന്‍സിന്റെ ഏഴാം സീഡായ മരിയ ബര്‍ത്തോളിയും സെര്‍ബിയയുടെ എട്ടാം സീഡായ യലീന യാങ്കോവിച്ചും മൂന്നാം റൗണ്ടില്‍ കടന്നിട്ടുണ്ട്.