Categories

മാറാട് അന്വേഷണ കമ്മീഷനെ വിസ്തരിക്കണമെന്ന് ടി.ഒ.സൂരജ്

കോഴിക്കോട്: മാറാട് കേസില്‍ അന്വേഷണ കമ്മീഷനെ വിസ്തരിക്കണമെന്ന് മുന്‍ ജില്ലാകലക്ടര്‍ ടി.ഒ. സൂരജ് ഹരജി നല്‍കി. മാറാട് റിപ്പോര്‍ട്ടില്‍ തനിക്കെതിരായ പരാമര്‍ശങ്ങളുടെ കാരണം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കോഴിക്കോട് വിജിലന്‍സ് ട്രൈബ്യൂണലിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ട്രൈബ്യൂണല്‍ ഹരജി സ്വീകരിച്ചാല്‍ ഹൈക്കോടതി ജഡ്ജി ട്രൈബ്യൂണലിന് മുമ്പാകെ ഹാജരാകുന്ന സവിശേഷ സാഹചര്യത്തിന് ഇത് ഇടയാക്കും.

മാറാട് കേസ് അന്വേഷിച്ച തോമസ് ജോസഫ് കമ്മീഷന്‍ അന്നത്തെ ജില്ലാ കലക്ടര്‍ ടി.ഒ സൂരജിനും സിറ്റി പൊലീസ് കമീഷണര്‍ സഞ്ജീവ്കുമാര്‍ പട്്‌ജോഷിക്കും എതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇരുവരും തമ്മില്‍ പരസ്പര ധാരണയില്ലായിരുന്നുവെന്നും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നുമായിരുന്നു പ്രധാന പരാമര്‍ശം. അക്രമം സംബന്ധിച്ച് ഇന്റലിജന്‍സ് വിവരം മുന്‍കൂട്ടി ലഭിച്ചിട്ടും അക്രമം തടയാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂരജിനും സഞ്ജീവ്കുമാര്‍ പട്്‌ജോഷിക്കും എതിരെ സര്‍ക്കാര്‍ വിജിലന്‍സ് കേസ് എടുത്തത്. ഇപ്പോള്‍ ഹൈക്കോടതി ജഡ്ജിയായ തോമസ് പി.ജോസഫ് ആയിരുന്നു മാറാട് കമ്മീഷന്‍.

എന്നാല്‍ തങ്ങള്‍ക്കതിരെ ഒരു സാക്ഷിമൊഴിയോ രേഖയോ കമീഷന് മുമ്പാകെ ഇല്ലെന്ന് ടി.ഒ.സൂരജ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തോമസ് ജോസഫിനെ ട്രൈബ്യൂണല്‍ മുമ്പാകെ സാക്ഷിയായി വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കുന്നത്. അന്നത്തെ ആര്‍.ഡി.ഒ പി.ബാലന്‍, എ.ഡി.എം സാഹിര്‍ എന്നിവരേയും സാക്ഷിയാക്കാന്‍ ആവശ്യപ്പെടുമെന്നും സൂരജ് വ്യക്തമാക്കി.

തങ്ങളുടെ അപേക്ഷ നിരസിക്കുകയാണെങ്കില്‍ സുപ്രീംകോടതി വരെ പോകുമെന്നും പ്രതിഭാഗം പറയുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.