എഡിറ്റര്‍
എഡിറ്റര്‍
വെള്ളിയാഴ്ച ബി.ജെ.പിയില്‍ നിന്ന് രാജിവെയ്ക്കും: യെദിയൂരപ്പ
എഡിറ്റര്‍
Tuesday 27th November 2012 3:30pm

ന്യൂദല്‍ഹി: ബി.ജെ.പിയില്‍ നിന്ന് വെള്ളിയാഴ്ച രാജിവെയ്ക്കുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പറഞ്ഞു. തന്റെ തീരുമാനം ഇനി മാറ്റുന്ന പ്രശ്‌നമില്ലെന്നും ആരുമായും ഇനി ചര്‍ച്ചയ്ക്കില്ലെന്നും യെദിയൂരപ്പ പറഞ്ഞു.

ഈ തീരുമാനമെടുക്കാന്‍ പാര്‍ട്ടി തന്നെ നിര്‍ബന്ധിതനാക്കുകയായിരുന്നു. ഏറെ നിരാശയോടെയാണ് താന്‍ ബി.ജെ.പി വിടുന്നതെന്നും യെദിയൂരപ്പ കൂട്ടിച്ചേര്‍ത്തു.

Ads By Google

ഇനി കേന്ദ്ര സംസ്ഥാന നേതാക്കളുമായി ഒരു ചര്‍ച്ചക്കുമില്ല. പാര്‍ട്ടി വിടാന്‍ തീരുമാനിച്ചു കഴിഞ്ഞു. തനിക്കെതിരെ വന്നത് മുഴുവന്‍ വ്യാജമായ ആരോപണങ്ങളാണ്. അതുകൊണ്ടു തന്നെ ഒന്നിനെക്കുറിച്ചും വേവലാതിയില്ല. പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണെങ്കില്‍ 50 മുതല്‍ 60 വരെ എം.എല്‍.എമാര്‍ തനിക്കൊപ്പം ഉണ്ടാവുമെന്നും യെദ്യൂരപ്പ അവകാശപ്പെട്ടു.

സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രശ്‌നങ്ങള്‍ പുകയവെ രാജിവെക്കുമെന്ന് മുഖ്യമന്ത്രി സദാനന്ദ ഗൗഡ തനിക്ക് ഉറപ്പു നല്‍കിയിരുന്നതായും എന്നാല്‍, പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം അതിന് അനുവദിച്ചില്ലെന്നും യെദ്യൂരപ്പ ആരോപിച്ചു.

തന്റെ പുതിയ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചാല്‍ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും നന്‍മയ്ക്കായി പ്രവര്‍ത്തിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.

സദാനന്ദ ഗൗഡയെയും പിന്നീട് വന്ന ജഗദീഷ് ഷെട്ടാറെയും മുഖ്യമന്ത്രി പദത്തില്‍ എത്തിച്ചത് താനാണെന്ന് വാദിച്ച അദ്ദേഹം ബി.ജെ.പിയുടെ മന്ത്രിമാര്‍ തന്നെ വന്നു കാണുമെന്നും പാര്‍ട്ടിയുടെ പ്രസിഡഡണ്ട് സഥാനത്തേക്ക് നിയോഗിക്കുമെന്നും നിതിന്‍ ഗഡ്കരി ഉറപ്പു നല്‍കിയിരുന്നതായും പറഞ്ഞു.

ഖനന അഴിമതിയില്‍ അന്വേഷണം നേരിടുന്ന യെദ്യൂരപ്പ മുഖ്യമന്ത്രി സഥാനം തെറിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി വിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍,നിരവധി തവണ ബി.ജെ.പിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരവിന് ശ്രമം നടത്തിയെങ്കിലും അതുണ്ടായില്ല.

വെള്ളിയാഴ്ച തന്നെ തന്റെ നിയമസഭാംഗത്വവും രാജിവെയ്ക്കുമെന്ന് പറഞ്ഞ യെദിയൂരപ്പ ഡിസംബര്‍ ഒന്‍പതിന് ഹവേരിയില്‍ പുതിയ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി.

Advertisement