കോഴിക്കോട്: നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തിയതിന് ഖമറുന്നിസ അന്‍വറിനോട് വിശദീകരണം ചോദിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സാമൂഹികക്ഷേമ ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് നിയമിക്കാന്‍ വേണ്ടിയാണ് വനിതാ വികസന കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും ഖമറന്നിസ അന്‍വറിനെ മാറ്റിയതെന്നും പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് തല്‍സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹികക്ഷേമ ബോര്‍ഡ് അധ്യക്ഷ സ്ഥാനത്തേക്ക് ഖമറുന്നിസയെ നിയമിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പാനല്‍ കേന്ദ്രം അംഗീകരിച്ച് ഉത്തരവായിണ്ട്.

Ads By Google

വനിതാവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണും എം.ഡി.യും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പാര്‍ട്ടി പരിശോധിക്കുകയും എം.ഡി.യെ മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എം.ഡി.യെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

പാര്‍ട്ടിയുടെ അനുവാദംകൂടാതെ മാധ്യമങ്ങളിലൂടെ നിരുത്തരവാദപരമായ പ്രസ്താവന നടത്തിയതിന് ഖമറുന്നീസ അന്‍വറിനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ ഖമറുന്നിസയെ മാറ്റാനും പി.കുല്‍സുവിനെ തല്‍സ്ഥാനത്ത് നിയമിക്കാനും പാര്‍ട്ടിയാണ് തീരുമാനിച്ചതെന്നും കെ.പി.എ മജീദ് ഇന്നലെ പറഞ്ഞിരുന്നു.
സെപ്തംബര്‍ 27ന് പി.കുല്‍സു സ്ഥാനമേറ്റു. എന്നാല്‍ തനിക്ക് ഒക്ടോബര്‍ മൂന്നിനാണ് വനിതാ വികസന കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ കാര്യം സംബന്ധിച്ചുള്ള വിവരം ലഭിച്ചതെന്നും ഖമറുന്നിസ വ്യക്തമാക്കി. സാമൂഹികക്ഷേമ ബോര്‍ഡ് അധ്യക്ഷയായി തന്നെ നിയമിച്ച കാര്യം അറിയില്ലെന്നും അവര്‍ പറഞ്ഞു.