തിരുവനന്തപുരം: പീഡനങ്ങള്‍ വര്‍ധിച്ചു വരുന്നകാലത്ത് പ്രായപൂര്‍ത്തിയായവര്‍ സ്വയം സൂക്ഷിക്കണമെന്നും സര്‍ക്കാരിന് അതില്‍ വലിയ റോളില്ലെന്നും മന്ത്രി ജി.സുധാകരന്‍. പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ അപകടത്തില്‍ ചാടാതിരിക്കാന്‍ അവനവന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്റെ പ്രസംഗം വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരിക്കുകയാണ്.

പ്രായപൂര്‍ത്തിയായവര്‍ തങ്ങളുടെ ഉത്തരവാദിത്വം സ്വയം നിര്‍വഹിച്ചില്ലെങ്കില്‍ ആഭ്യന്തരമന്ത്രിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം ചോദിക്കുന്നു. ‘ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുളള കേസുകള്‍ വ്യക്തിപരമാണ്. അവ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡല്ല. പൊലീസിന് ഈ സാഹചര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. കേരളീയ സമൂഹം അത്രമേല്‍ കുത്തഴിഞ്ഞ് കിടക്കുകയാണ്.’ സുധാകരന്‍ പറയുന്നു.

പൊലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൊലീസിനെ പിന്തുണച്ച് നേരത്തെ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി സുധാകരന്റെ വിവാദ പരാമര്‍ശവും.


Also Read: അയ്യേ സാറ് ചമ്മി; സ്മിത്തിന്റെ പാഴായ ഡി.ആര്‍.എസിനെ ഡ്രസ്സിംഗ് റൂമിലിരുന്ന് കളിയാക്കി കോഹ്‌ലിയുടെ തിരിച്ചടി, വീഡിയോ കാണാം


പൊലീസ് നയത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നഭിപ്രായപ്പെട്ട കൊടിയേരി കുറ്റം ചെയ്യുന്ന പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൂടുതല്‍ പരാതികള്‍ ഉയരുന്നത് ഇത് കൊണ്ടാണെന്നും വ്യക്തമാക്കി. ഇടത് സര്‍ക്കാരിന് കീഴില്‍ കേസുകള്‍ കൂടുന്നത് പരാതികള്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യുന്നതിനാലാണ്. പൊലീസ് വീഴ്ച വരുത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.