ന്യൂദല്‍ഹി: റീ ക്യാപിറ്റലൈസേഷന്‍ പോലെ തൊലിപ്പുറത്ത് ചികിത്സ നടത്തുന്നതിന് പകരം സാമ്പത്തിക രംഗം മെച്ചപ്പെടാന്‍ ചൈനയുമായുള്ള വ്യാപാരബന്ധം പുനപരിശോധിക്കണമെന്ന് ആര്‍.എസ്.എസിന്റെ സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ച്.

ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ഇറക്കുമതി നിരോധിക്കണമെന്നും ആവശ്യപ്പെടുന്ന സംഘടന കഴിഞ്ഞ ഒരു വര്‍ഷമായി ചൈനയുമായുള്ള വ്യാപാരബന്ധത്തിനെതിരെ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്തേക്ക് ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി അനുവദിക്കുന്നതോടെ നിര്‍മാണ മേഖലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ വേദിയൊരിക്കി കൊടുക്കുകയാണെന്ന് ജാഗരണ്‍ മഞ്ച് നാഷണല്‍ ഓര്‍ഗനൈസര്‍ കശ്മീരി ലാല്‍ പറഞ്ഞു. ചൈനയില്‍ നിന്നും എഫ്.ഡി.ഐ കൂടി പ്രോത്സാഹിപ്പിക്കുന്നതോടെ സ്ഥിതി കൂടുതല്‍ ഭീകരമാകുമെന്നും കശ്മീരി ലാല്‍ പറഞ്ഞു.


Read more:  ഞാന്‍ എന്റെ ജോലി തുടരും: പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ല: ദളിത് പൂജാരി യദുകൃഷ്ണന്‍ പറയുന്നു


സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ബി.ജെ.പി തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘും രംഗത്ത് വന്നിരുന്നു. മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കും സാമ്പത്തിക നയത്തിനുമെതിരെ നവംബര്‍ 17 നു പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് ബി.എം.എസ് പ്രഖ്യാപിച്ചിരുന്നു.

സംയുക്ത ട്രേഡ് യൂണിയന്‍ സമരത്തിനാണ് ബി.എം.എസ് ശ്രമിക്കുന്നതെന്നും ഇടത് അനുകൂല തൊഴിലാളി സംഘടനകളെയും ഉള്‍പ്പെടുത്തി മാര്‍ച്ച് നടത്താനാണ് ശ്രമമെന്നും ബി.എം.എസ് ജനറല്‍ സെക്രട്ടറി വ്രിജേഷ് ഉപാധ്യായ പറഞ്ഞിരുന്നു.