എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധത്തില്‍ പാര്‍ട്ടിയ്ക്ക് പങ്കുണ്ടെങ്കില്‍ അന്വേഷിക്കും: പിണറായി
എഡിറ്റര്‍
Thursday 31st May 2012 12:00pm

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടോയെന്ന് പാര്‍ട്ടി അന്വേഷിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍. അന്വേഷണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ വേണ്ട നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണം പോലീസിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയോ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ക്കനുസരിച്ചോ അല്ല പാര്‍ട്ടിയുടെ സ്വന്തം നിലയ്ക്കുള്ള അന്വേഷണമായിരിക്കും നടത്തുക എന്നും പിണറായി പറഞ്ഞു.

പാര്‍ട്ടിയെ തകര്‍ക്കാന്‍ നെറികെട്ട ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിന് ആരെയും അനുവദിക്കില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ കുറ്റക്കാരാണെങ്കില്‍ അവരെ പാര്‍ട്ടി തന്നെ ശിക്ഷിക്കും.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ എന്തടിസ്ഥാനത്തിലാണ് സി.പി.ഐ.എമിനെ പ്രതിക്കൂട്ടിലാക്കുന്നത്. സി.പി.ഐ.എമ്മിനെ താറടിച്ചുകാണിക്കാനുള്ള ചിലരുടെ ശ്രമമാണ് ഇതിനെല്ലാം പിന്നില്‍. പോലീസിനെ ഉപയോഗിച്ച് പാര്‍ട്ടിയേയും പാര്‍ട്ടി പ്രവര്‍ത്തകരേയും വേട്ടയാടുകയാണ്. ഇത് അനുവദിക്കില്ല.-പിണറായി വ്യക്തമാക്കി.

സി.പി.ഐ.എം പ്രവര്‍ത്തകരെ പിടിച്ച് കൊണ്ടു പോയി പോലീസ് മര്‍ദിക്കുകയാണെന്നും അതൊന്നും ചോദ്യം ചെയ്യാന്‍ പാടില്ലാത്ത സ്ഥിതിയുമാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ടി.പി വധത്തില്‍ സി.പി.ഐ.എമ്മിന് പങ്കില്ലെന്നായിരുന്നു പാര്‍ട്ടിയുടെ ആദ്യത്തെ നിലപാട്.

Advertisement