തിരുവനന്തപുരം: മാറാട് കൂട്ടക്കൊലക്കേസിലെ ഗൂഢാലോചനയും വിദേശ ഫണ്ടിന്റെ ഉറവിടവും സംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കാന്‍ ഇനിയെങ്കിലും അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് കത്തയച്ചു.

അന്യസംസ്ഥാന ലോട്ടറി മാഫിയയെ സംബന്ധിച്ച് നടക്കുന്ന സി.ബി.ഐ അന്വേഷണവും പാകിസ്ഥാനില്‍ നിന്നുള്ള കള്ളനോട്ട് പ്രവാഹത്തെക്കുറിച്ച് എന്‍.ഐ.എ അന്വേഷണവും വിരല്‍ചൂണ്ടുന്നത് നാടിന്റെ സാമ്പത്തിക ഭദ്രതയും ദേശീയ സുരക്ഷിതത്വവും തകര്‍ക്കുന്നതിനുള്ള ഗൂഢ പദ്ധതികളിലേക്കാണ്.[innerad]

വ്യാജലോട്ടറി, കള്ളനോട്ട് കേസുകളുടെ അന്വേഷണത്തില്‍ പുറത്തുവന്ന വിവരങ്ങള്‍ മാറാട് ഗൂഢാലോചനയെപ്പറ്റി സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്ന് വ്യക്തമാക്കുന്നു. അന്യസംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ട് 80,000 കോടിയോളം രൂപയുടെ ഇടപാടുകള്‍ നടക്കുന്നതായി സംശയിക്കുന്നതായി ചൂണ്ടിക്കാട്ടിയും സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടും താന്‍ പ്രധാനമന്ത്രിക്ക് ഒന്നിലേറെ തവണ കത്തയക്കുകയുണ്ടായി.

ലോട്ടറി കേസില്‍ ഇപ്പോള്‍ നടക്കുന്ന സി.ബി.ഐ അന്വേഷണം തന്റെ ആശങ്ക ശരിയായിരുന്നുവെന്ന് തെളിയിക്കുന്നു. മോഹവില നല്‍കി അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടുന്ന വന്‍കിട റിയല്‍ എസ്‌റ്റേറ്റ് മാഫിയ കേരളത്തിന്റെ സൈ്വര്യം കെടുത്തുകയാണ്. ഹവാല പണവും കള്ളനോട്ടും റിയല്‍ എസ്‌റ്റേറ്റ് മാഫിയ വന്‍തോതില്‍ ഉപയോഗിക്കുന്നുവെന്നാണ് വിവരം.

ഹവാലാ പണത്തിന്റെ പ്രചാരം ഭൂമിവില വന്‍തോതില്‍ വര്‍ധിക്കാനും ജീവിതം ദുസ്സഹമാക്കാനും കാരണമായിട്ടുണ്ട്. വ്യാജലോട്ടറി സംബന്ധിച്ച സി.ബി.ഐ അന്വേഷണവും കള്ളനോട്ട് സംബന്ധിച്ച എന്‍.ഐ.എ അന്വേഷണവും കുറ്റമറ്റ നിലയില്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.