ജയ്പൂര്‍ : മൂത്തമകന്റെ ചികിത്സക്കുള്ള പണം കണ്ടെത്തുന്നതിനായി എട്ട് ദിവസം മാത്രം പ്രായമുള്ള രണ്ടാമത്തെ കുഞ്ഞിനെ വിറ്റ ദമ്പതികള്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. രണ്ട് വയസ്സുള്ള തളര്‍വാദ രോഗിയായ മൂത്ത കുഞ്ഞിന്റെ ചികിത്സക്കാവശ്യമായ 40,000 രൂപക്ക് വേണ്ടിയാണ് എട്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ ഇവര്‍ അയല്‍വാസിക്ക് വിറ്റത്.

Ads By Google

ശ്രീനഗര്‍ സ്വദേശിയായ സന്ധ്യാ ദേവി മകന്റെ രോഗവിവരം അറിയുന്നത് ഗര്‍ഭിണിയായിരിക്കുന്ന സമയത്തായിരുന്നു. മകന്റെ ചികിത്സക്കായി പണം കണ്ടെത്താന്‍ വിഷമിച്ച സന്ധ്യാ ദേവിയെ സഹായിക്കാന്‍ ഇവരുടെ അയല്‍വാസി എത്തുകയായിരുന്നു. 40,000 രൂപയ്ക്ക് പകരമായി ഇവര്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനെ നല്‍കണമെന്നായിരുന്നു അയല്‍വാസി ആവശ്യപ്പെട്ടത്. പണം കണ്ടെത്താന്‍ മറ്റ് വഴികളൊന്നും കണ്ടെത്താതിരുന്ന സന്ധ്യാ ദേവി അയല്‍വാസിയുടെ ആവശ്യം അംഗീകരിച്ചു.

Subscribe Us:

ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞിന് ജന്മം നല്‍കിയ സന്ധ്യാ ദേവി കുഞ്ഞിനെ അയല്‍വാസിക്ക് നല്‍കി പണം കൈപ്പറ്റി . 20,000 രൂപയാണ് അയല്‍വാസി ഇവര്‍ക്ക് നല്‍കിയിരുന്നത്. ബാക്കി തുക ഇടനിലക്കാരന്‍ കൈക്കലാക്കിയെന്നും ഇവര്‍ പറയുന്നു.

അതേസമയം, കുഞ്ഞിനെ വിറ്റതല്ലെന്നും ദത്ത് നല്‍കിയതെന്നുമാണ് സന്ധ്യാ ദേവി പറയുന്നത്. മൂത്ത മകനെ രക്ഷിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാത്തതിനാലാണ് പണം  സ്വീകരിച്ചതെന്നും സന്ധ്യാ ദേവിയും ഭര്‍ത്താവ് അശോക് കുമാറും പറഞ്ഞു. ശ്രീനഗറില്‍ പാര്‍ട്ട് ടൈം സെയില്‍സ്മാനായി ജോലിചെയ്യുകയാണ് അശോക് കുമാര്‍. ജയ്പൂരിലെ ഒറ്റമുറിയുള്ള വാടകവീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.

ജയ്പൂരിലെ ബാല്‍ ഹോസ്പിറ്റലിലാണ് സന്ധ്യാ ദേവി കുഞ്ഞിന് ജന്മം നല്‍കിയത്. പണം വാങ്ങിയാണ് കുഞ്ഞിനെ ദത്ത് നല്‍കിയതെന്നാണ് രാജസ്ഥാന്‍ പോലീസ് പറയുന്നത്. കുഞ്ഞിനെ ദത്ത് നല്‍കണമെങ്കില്‍ ജില്ലാ ശിശുക്ഷേമ സമിതിയുടെ അനുവാദം വേണമെന്നും പണം സ്വീകരിച്ച് ദത്ത് നല്‍കരുതെന്നുമാണ് നിയമമെന്നും പോലീസ് പറയുന്നു.

കുഞ്ഞിന്റെ മാതാപിതാക്കളായ സന്ധ്യാ ദേവി, അശോക് കുമാര്‍, പണം നല്‍കിയ വിനോദ് അഗര്‍വാള്‍, ഇയാളുടെ ഭാര്യ ശകുന്തളാ ദേവി എന്നിവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സന്ധ്യാ ദേവിക്കും ഭര്‍ത്താവിനും ജാമ്യം അനുവദിച്ചിട്ടുണ്ട്. കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് തിരിച്ചുനല്‍കി.