ഇസ്‌ലാമാബാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിങ്ങിന്റെ പ്രശ്‌നം ഗൗരവമായി എടുക്കാമെന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉറപ്പ് നല്‍കിയതായി വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ.

കൂടിക്കാഴ്ചയില്‍ സരബ്ജിത്ത് സിങ്ങിന്റെ മോചനക്കാര്യം പാക് പ്രസിഡന്റുമായി ചര്‍ച്ച ചെയ്തുവെന്ന് അദ്ദേഹം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

Ads By Google

സരബ്ജിത്തിന്റെ പ്രശ്‌നത്തില്‍ അനുകൂല നിലപാട് കൈക്കൊള്ളുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും കൃഷ്ണ പറഞ്ഞു. സരബ്ജിത്ത് സിങ്ങിന്റെ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ദാരി നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്ക് നവംബറില്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണയുടെ ക്ഷണം സ്വീകരിച്ചാണ് മാലിക് ഇന്ത്യയില്‍ എത്തുന്നത്.

അതിനിടെ സരബ്ജിത് സിങ്ങിനെ വൈകാതെ മോചിപ്പിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അവൈയിസ് ഷെയ്ഖ് അറിയിച്ചു.

സരബ്ജിത്തിനെ മോചിപ്പിക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചതായി തനിക്ക് വിവരം ലഭിച്ചുവെന്ന് ഷെയ്ഖ് പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നതിന് മുമ്പ് തന്നെ സരബ്ജിത്തിനെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1990ല്‍ ലാഹോറില്‍ 14പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനത്തില്‍ പ്രതിചേര്‍ക്കപ്പെട്ടാണ് സരബ്ജിത് ജയിലിലാവുന്നത്.